"എനിക്ക് മോളോട് ഒരു കാര്യം സംസാരിക്കാനുണ്ട്, നേരിട്ട് വരുമോ എന്ന് സൂപ്പർസ്റ്റാർ ചോദിച്ചു, പിന്നെ മെസേജും"; വെളിപ്പെടുത്തലുമായി തിലകന്റെ മകൾ
തിരുവനന്തപുരം: താരസംഘടന 'അമ്മ' പിരിച്ചുവിടണമെന്ന് അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകൻ. തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കിയതിന് പിന്നിലും സിനിമയിൽ നിന്ന് വിലക്കിയതിന് പിന്നിലും പവർ ഗ്രൂപ്പാണെന്നും അവർ മാതൃഭൂമി ചാനലിനോട് പറഞ്ഞു.
അച്ഛന്റെ മരണശേഷം ഒരു സൂപ്പർ താരത്തിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നും സോണിയ വെളിപ്പെടുത്തി. സഹോദര തുല്യനായ വ്യക്തിയിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. മോളേ എന്ന് ഫോണിൽ വിളിച്ച് സംസാരിച്ച ശേഷം പിന്നീട് വന്നത് മോശം സന്ദേശങ്ങളായിരുന്നുവെന്നും അവർ പറയുന്നു. ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. തത്ക്കാലം പേര് പറയുന്നില്ല. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോൾ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
'പവർ ഗ്രൂപ്പിലൊരാളായ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അച്ഛനോട് ഇറങ്ങിപ്പോടോ എന്ന് ആക്രോശിച്ചു. ആ വ്യക്തിയുമായി എനിക്കും പേഴ്സണലായിട്ടൊരു അനുഭവമുണ്ട്. അത് ഞാൻ മറ്റൊരു അവസരത്തിൽ പറയാം. പതിനഞ്ചംഗ പവർ കമ്മിറ്റി എന്ന് ജസ്റ്റിസ് ഹേമ മാഡം പറഞ്ഞതിൽ വരുന്ന പ്രധാന വ്യക്തി തന്നെയാണ്.
അച്ഛനെ പുറത്താക്കിയതിന്റെ പേരിൽ പലർക്കും പിന്നീട് കുറ്റബോധം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ തമ്മിൽ സംസാരിക്കാൻ ഇടവന്ന സമയത്ത് എനിക്ക് മോളോട് ഒരു കാര്യം സംസാരിക്കാനുണ്ട്. എന്നെ നേരിട്ട് കാണാൻ വരുമോ എന്ന് ചോദിച്ചു. എന്തെങ്കിലുമുണ്ടെങ്കിൽ ഫോണിൽ പറയാൻ പറഞ്ഞപ്പോൾ, അത് ഫോണിൽ പറയാൻ പറ്റത്തില്ല, നേരിട്ട് പറയണമെന്ന് പറഞ്ഞു. ഒരുപാട് പ്രാവശ്യം ഞാൻ ഒഴിഞ്ഞുമാറി. അതുകഴിഞ്ഞ് എനിക്ക് വന്ന മെസേജുകളിൽ നിന്ന്, എന്നെ റൂമിലേക്ക് വിളിക്കുന്നത് മറ്റ് ആവശ്യങ്ങൾക്കാണെന്ന് വ്യക്തമായി. സ്‌മൈലി ആണെങ്കിലും, ചോദ്യങ്ങളാണെങ്കിലുമൊക്കെ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത എനിക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നു.അതിനകത്ത് ഇവരുടെയൊക്കെ കൂടെ അഭിനയിക്കുന്ന ചെറിയ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അച്ഛന്റെ മരണശേഷമാണ് ഇപ്പറഞ്ഞ കാര്യം നടന്നത്. അതിന്റെ ഫുൾ ഡീറ്റയിൽസ് ഇപ്പോൾ വെളിപ്പെടുത്താൻ എനിക്ക് താത്പര്യമില്ല. അങ്ങനെയൊരു ആവശ്യം വന്നാൽ വെളിപ്പെടുത്തും'- സോണിയ പറഞ്ഞു.
'2010ൽ അച്ഛൻ പറഞ്ഞതിനെല്ലാം ഒരു സ്ഥിരീകരണം വന്നിരിക്കുകയാണിപ്പോൾ. അതിൽ വളരെയധികം സന്തോഷമുണ്ട്. അച്ഛനെ വിലക്കിയതിലൂടെ അവർ എല്ലാവരുടെയും വായടപ്പിക്കുകയാണ് ചെയ്തത്. തന്നെ പുറത്താക്കുന്ന മീറ്റിംഗിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് അച്ഛൻ ഒരു എഴുത്ത് എന്റെ കൈയിൽ തന്നിരുന്നു. അമ്മയുടെ ഓഫീസ് തിരുവനന്തപുരത്തായിരുന്നു അന്ന്. അപ്പോഴത്തെ സെക്രട്ടറി എന്റെ കൈയിൽ നിന്ന് കത്ത് വാങ്ങുന്നതിന് മുമ്പ് ഫോൺ എടുത്ത് പതിനഞ്ചംഗ പവർ കമ്മിറ്റിയിലെ ഒരാളെ വിളിച്ച് അനുവാദം ചോദിക്കുകയാണ്. അതാണോ സെക്രട്ടറിയുടെ ഉത്തരവാദിത്തം. സെക്രട്ടറി എന്ന പേരിലിരുത്തി, ഈ പതിനഞ്ചംഗ കമ്മിറ്റി തന്നെയാണ് അവിടെ ഭരിക്കുന്നത്. അവരുടെ പേരുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കാത്തതിനാൽ എനിക്കും അത് പറയാൻ ബുദ്ധിമുട്ടുണ്ട്. സൂപ്പർസ്റ്റാറിനെയാണ് സെക്രട്ടറി വിളിച്ചത്. ലെറ്റർ വാങ്ങാനാണ് പറഞ്ഞത്.'- യുവതി വ്യക്തമാക്കി.
'രണ്ടാം ക്ലാസ് മുതൽ ഞാൻ ഇവരെയൊക്കെ കാണുന്നതാണ്. ഈ സംഘടന രൂപീകരിക്കും മുമ്പ് വരെ എല്ലാവരും തമ്മിൽ നല്ല അടുപ്പമായിരുന്നു. ഇവർ വീട്ടിൽ വരികയൊക്കെ ചെയ്യുമായിരുന്നു. പക്ഷേ എന്നാണോ ഈ സംഘടന രൂപീകരിച്ചത് അന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മിറ്റിംഗിനെക്കുറിച്ച് ഒരാൾ അച്ഛനെ ഫോൺ വിളിച്ച് പറഞ്ഞു. ചേട്ടാ, ചേട്ടനെതിരെയാണ് അവരുടെ പ്രധാന സംസാരമെന്ന്. കാരണം അച്ഛന് ഒരുപാട് അവാർഡുകൾ ഒന്നിച്ചുകിട്ടിയിരുന്നു. നമുക്ക് ആ അവാർഡ് കുത്തക പൊളിക്കണമെന്ന് പറഞ്ഞെന്ന് പറഞ്ഞ് ഒരാൾ ഫോൺ ചെയ്തു. ഇത് എത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. ഫോൺ ചെയ്തതിന് ഞാൻ സാക്ഷിയാണ്. നമ്മളേക്കാൾ മുകളിൽ കയറി വേറൊരാൾ സിനിമയെടുക്കേണ്ടെന്ന ആറ്റിറ്റ്യൂഡാണ് സംഘടനയ്ക്ക് എന്നാണ് എനിക്ക് മനസിലായത്. '- സോണിയ പറഞ്ഞു.