17 വർഷത്തിന് ശേഷം മെമ്പറുടെ ബന്ധുവിന് ക്ഷി​പ്രനി​യമനം

Tuesday 20 August 2024 7:45 PM IST

കൊച്ചി: 17 വർഷം അനധികൃത അവധിയിലായിരുന്നി​ട്ടും ദേവസ്വം ബോർഡ് അംഗത്തിന്റെ അടുത്ത ബന്ധുവിന് മേൽശാന്തിയായി പുനർനിയമനം. 17 വർഷത്തെ ശമ്പളക്കുടിശികയും നൽകാൻ നീക്കം. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരന്റെ അടുത്ത ബന്ധു കെ.രാജീവ് എമ്പ്രാന്തിരിക്ക് ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിലൊന്നായ എറണാകുളം വളഞ്ഞമ്പലം ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി പദവിയും അനുവദിച്ചത്.

കടവല്ലൂർ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരിക്കെ 2007 ജൂലായിൽ തന്നെ സസ്പെൻഡ് ചെയ്തെന്നും പുനർനിയമനം വേണമെന്നുമുള്ള ആവശ്യവുമായി രാജീവ് കൊച്ചിൻ ദേവസ്വം ബോർഡിന് കഴിഞ്ഞ വർഷം കത്ത് നൽകി. ഇതോടെ നി​യമോപദേശം പോലും തേടാതെ, ശമ്പളം പോലും നി​ശ്ചയി​ക്കാത ഇയാൾക്ക് നി​യമനം നൽകാൻ ബോർഡ് തീരുമാനി​ച്ചു.

പിന്നാലെ 9% പലിശയോടെ 17 വർഷത്തെ ശമ്പളകുടിശികയും നിയമനവും സർവീസ് ക്രമപ്പെടുത്തലും വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി​യി​ൽ രാജീവ് ഹർജി​ നൽകി​. 2023 ഒക്ടോബർ 25ന് കേസ് വിളിച്ചപ്പോൾ തന്നെ ബോർഡ് അഭിഭാഷകൻ രാജീവിന്റെ അപേക്ഷ പരിഗണിക്കാമെന്ന് കോടതിയെ അറിയിച്ചു. ആറാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കാൻ അന്ന് തന്നെ കോടതി ഉത്തരവായി. പക്ഷേ തീരുമാനമെടുത്തില്ല. കോടതി അലക്ഷ്യക്കേസ് രാജീവ് ഫയൽ ചെയ്തതിന് പിന്നാലെ ഇയാളെ ചേരാനല്ലൂർ മാരാപറമ്പ് ക്ഷേത്രത്തിൽ കഴി​ഞ്ഞ ഡി​സംബർ ഏഴി​ന് നിയമിച്ചെങ്കി​ലും ശമ്പളം നൽകി​യി​ല്ല. ഇതും കേസായപ്പോൾ ജൂനി​യർ ശാന്തി​ക്കാരന്റെ ശമ്പളസ്കെയി​ലി​ൽ 3,41,040 രൂപയുടെ ചെക്ക് എഴുതി​ ആഗസ്റ്റ് 7ന് നൽകി​. 17 വർഷത്തെ ശമ്പളകേസ് 30ന് പരി​ഗണി​ക്കും.

ദുരൂഹ സസ്പെൻഷൻ

തന്നെ സസ്പെന്റ് ചെയ്തെന്നും തി​രി​ച്ചെടുക്കാത്തതി​നാലാണ് 17 വർഷത്തി​ന് ശേഷം കോടതി​യെ സമീപി​ച്ചതെന്നുമാണ് രാജീവി​ന്റെ വാദം. സസ്പെൻഷൻ ഉത്തരവ് ബോർഡിന്റെ പക്കൽ ഇല്ല. സസ്പെൻഡ് ചെ യ്തിട്ടുണ്ടെങ്കിൽ തന്നെ സസ്പെൻഷൻകാലത്ത് അലവൻസ് നൽകിയിട്ടില്ല. രാജീവ് ചോദിച്ചിട്ടുമില്ല. അനധികൃത അവധിയാണെങ്കിൽ ഇത്രയും കാലമായിട്ടും പിരിച്ചുവിടാനും നടപടിയുണ്ടായില്ല.

രാജീവിനെ പിരിച്ചുവിടുകയോ പുനർനിയമനം നൽകുകയോ ചെയ്യാതിരുന്നത് അന്നത്തെ ബോർഡിന്റെ വീഴ്ചയാണ്. ന്യായമായത് കൊണ്ടാണ് വീണ്ടും നിയമനം വീണ്ടും ലഭി​ച്ചത്. 17 വർഷത്തെ ശമ്പളം വേണമെന്നും സീനി​യോറി​റ്റി​ വേണമെന്നുമുള്ള ആവശ്യം നീതീകരിക്കാനാവില്ല.

എം.ബി. മുരളീധരൻ

കൊച്ചിൻ ദേവസ്വം ബോർഡ് അംഗം

17 വർഷമായി ജോലിയിൽ ഇല്ലാതിരുന്ന ഒരാളെ പിരിച്ചുവിടാതിരുന്നത് ദേവസ്വം ബോർഡിന്റെ വീഴ്ചയാണ്. ഇത്രയും കാലം ജീവനക്കാരൻ മൗനം പാലിച്ചതിലും ദുരൂഹതയുണ്ട്. കോടതിയിൽ ബോർഡ് ഒത്തുകളിക്കരുത്. വിശദമായ അന്വേഷണം നടത്തണം.

ആർ.വി.ബാബു

പ്രസിഡന്റ്, ഹിന്ദു ഐക്യവേദി

Advertisement
Advertisement