ദളിത് സംഘടനകളുടെ ഹർത്താൽ ഇന്ന്

Wednesday 21 August 2024 4:50 AM IST

പാലക്കാട്: എസ്.സി, എസ്.ടി പട്ടികയിലുള്ളവരെ ജാതിയടിസ്ഥാനത്തിൽ വിഭജിക്കാനും ഈ വിഭാഗങ്ങളിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്താനുമുള്ള സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നും വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ രണ്ടരലക്ഷം രൂപയുടെ വരുമാനപരിധി ഉൾപ്പെടെ എല്ലാതരം മേൽത്തട്ട് പരിധിനയങ്ങളും റദ്ദാക്കുക, സമഗ്രമായ ജാതി സെൻസസ് ദേശീയതലത്തിൽ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ആദിവാസി - ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ ഇന്ന്.വിധിക്കെതിരേ ഭീം ആർമിയും വിവിധ ദളിത് സംഘടനകളും ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഹർത്താൽ നടത്തുന്നതെന്ന് പട്ടിക ജാതിവർഗ കോർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ കെ.മായാണ്ടി അറിയിച്ചു.ദളിത് വിഭാഗത്തിലെ 17 സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ചികിത്സ മേഖലകളുടെ പ്രവർത്തനത്തിനും തടസമുണ്ടാകില്ല.