പ്രമുഖ താരം മുറിയിലേക്ക് ക്ഷണിച്ചെന്ന് തിലകന്റെ മകൾ

Wednesday 21 August 2024 1:19 AM IST

തിരുവനന്തപുരം: ഒരു പ്രമുഖ സിനിമാതാരം തന്നെ മുറിയിലേക്ക് വിളിച്ചെന്ന് അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ. 'അമ്മ'യിൽ നിന്ന് തിലകനെ പുറത്താക്കിയ ശേഷമായിരുന്നു സംഭവം. ചെറുപ്പം മുതലേ കണ്ടിട്ടുളള ആളുടേതായിരുന്നു ക്ഷണം.

'അച്ഛനെ പുറത്താക്കിയതിൽ മാപ്പ് പറയണം. മോളോട് എന്നിക്ക് സംസാരിക്കണം' എന്നാണ് പറഞ്ഞത്. ഫോണിലൂടെ പറഞ്ഞാൽ മതിയെന്ന് പറ‌ഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് വന്ന മെസേജുകളിൽ നിന്നാണ് മോശം ഉദ്ദേശ്യം ബോദ്ധ്യപ്പെട്ടത് എന്ന് സോണിയ മാദ്ധ്യമങ്ങളോടു പറഞ്ഞു.

'അമ്മ'യിലെ പുഴുക്കുത്തുകൾ ആദ്യം പുറത്ത് കൊണ്ട് വന്നത് അച്ഛനാണ്. ഗുണ്ടായിസവും മാഫിയയും കൈകാര്യം ചെയ്യുന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ 2010ൽ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പുറത്ത് പറഞ്ഞതിനാണ് അന്ന് അച്ഛനെതിരെ കടുത്ത നടപടിയെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷവും അമ്മയുടെ ജനറൽ സെക്രട്ടറി വ്യക്തമായി പ്രതികരിച്ചിട്ടില്ല.അന്ന് അച്ഛനെ പുറത്താക്കാൻ കാണിച്ച ആവേശം കാട്ടിയവർ എന്തുകൊണ്ട് പിന്നീട് ഗുരുതര പ്രശ്നങ്ങളിൽ പങ്കാളിയായവർക്ക് നേരെ നടപടി എടുത്തില്ല. എന്തിനാണ് ഈ ഇരട്ടത്താപ്പ്? അച്ഛന് 1980-90ൽ തുടർച്ചയായി അവർഡ് കിട്ടിയപ്പോൾ അവാർഡ് തുക നമ്മുക്ക് പൊളിക്കേണ്ടേ എന്ന് പറഞ്ഞ് മൂന്നുനാല് പേർ ചേർന്നുണ്ടാക്കിയ സംഘടനയാണ് പിന്നീട് 'അമ്മ'യായി പന്തലിച്ചത്. സിനിമയിലിൽ ഇല്ലാത്ത തനിക്ക് പോലും മെജേസുകളും റൂമിലേക്ക് വരാനുള്ള വിളികളും വന്നിട്ടുണ്ടെങ്കിൽ പുതുമുഖങ്ങൾക്കും മറ്റ് നടിമാർക്കും എന്തുമാത്രം ബുദ്ധിമുട്ടാവും വന്നിട്ടുണ്ടാവുക. ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ ബാക്കി പേജുകളും പുറത്ത് വരണമെന്നും സോണിയ ആവശ്യപ്പെട്ടു.