പുതിയ സിനിമാ നയം നവംബറിൽ

Wednesday 21 August 2024 1:22 AM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ കൂടി ഉൾപ്പെടുത്തി സമഗ്ര സിനിമാനയം നവംബറിൽ സർക്കാർ പ്രഖ്യാപിച്ചേക്കും. മാന്യമായ തൊഴിൽ മേഖലയായി മലയാള സിനിമാ രംഗത്തെ മാറ്റുകയാണ് ലക്ഷ്യം.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അദ്ധ്യക്ഷനായ സമിതി കഴിഞ്ഞ മൂന്നര മാസമായി ഇതിന്റെ പണിപ്പുരയിലാണ്. സഹായിക്കാനും വിവര ശേഖരണത്തിനുമായി സ്വകാര്യ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി. ഒരു കോടി രൂപയാണ് ഇതിന് അനുവദിച്ചത്.

ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ മാസം അഞ്ചിന് തുക ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനു നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ തുക അനുവദിച്ചു. വ്യവസായം,തൊഴിൽ, ടൂറിസം വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കിയാണ് സിനിമാനയം തയ്യാറാകുന്നത്.

സ്ത്രീസുരക്ഷ ഉറപ്പാക്കും

സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതാണ് സിനിമാനയം

ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്ക് വേതനം ഉറപ്പാക്കും

പ്രതിഫല വിതരണം ഡിജിറ്റൽ പേമെന്റ് വഴിയാക്കാൻ നിർദേശിക്കും

പണം മുടക്കുന്ന നിർമ്മാതാവിന് കബളിപ്പിക്കലിൽ നിന്ന് സംരക്ഷണം

തിയേറ്ററുകളുടെ നിലവാരം മികച്ച രീതിയിലാക്കും

സിനിമയുടെ എല്ലാ മേഖലയ്ക്കും പ്രയോജനകരമായ നയമായിരിക്കും തയ്യാറാക്കുക

- ഷാജി എൻ.കരുൺ, ചെയർമാൻ,

കെ.എസ്.എഫ്.ഡി.സി

Advertisement
Advertisement