ഹേമ കമ്മിറ്റി റിപ്പോർട്ട്: കിട്ടിയ മൊഴികളിൽ പ്രമുഖരുടെ പേരും

Wednesday 21 August 2024 1:30 AM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി മുമ്പാകെ ലഭിച്ച മൊഴികളിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരുകളും ഉൾപ്പെടുന്നു. എഴുതി നൽകിയ പരാതികൾ, നേരിട്ട് രേഖപ്പെടുത്തിയ മൊഴികൾ, വാട്ട്സ് ആപ്പ് സന്ദേശമായി അയച്ചവ, വഴങ്ങാൻ ആവശ്യപ്പെട്ട് തങ്ങളോട് ചില നടന്മാരും നിർമ്മാതാക്കളും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത് റെക്കാഡ് ചെയ്തത്, ഫോട്ടോകൾ, ഫാൻസ് അസോസിയേഷൻ അയച്ച അശ്ളീല സന്ദേശങ്ങൾ, പരുഷമായി ഇടപെട്ടത് റെക്കാഡ് ചെയ്തത്... അങ്ങനെ നടപടിയെടുക്കാൻ തക്കവണ്ണമുള്ള മൊഴികൾ ലഭിച്ചിരുന്നു. ഈ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഒരു യുവനടൻ പൊലീസ് വേഷത്തിൽ അഭിനയിച്ച ഒരു നടിയെ കുത്തിനു പിടിച്ചു തള്ളുന്നതിന്റെ വീഡിയോ ക്ളിപ്പിംഗും കമ്മിറ്റിക്ക് ലഭിച്ചു. ആരോപണ വിധേയരായവരിൽ സംഘടനകളിൽ നിർണായക പദവി വഹിക്കുന്നവരും ഉണ്ടത്രെ. ഫാൻ ക്ളബുകളുടെ അശ്ളീല സന്ദേശങ്ങൾ നടൻമാരുടെ അറിവോടെയാണെന്നാണ് കമ്മിറ്റിയുടെ നിരീക്ഷണം. എന്നാൽ ഈ കൂട്ടുകെട്ട് തെളിയിക്കാൻ പറ്റിയ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ, മൊബൈൽ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഐ.പി.സി 354 പ്രകാരം ക്രിമിനൽ കേസ് എടുക്കാമെന്ന് കമ്മിറ്റിയുടെ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

2019 ഡിസംബറിലാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. രണ്ടു മാസത്തിനുശേഷം, മൊഴികൾ പുറത്തുവിടരുതെന്ന് അഭ്യർത്ഥിച്ച് 2020 ഫെബ്രുവരി 20ന് കമ്മിറ്റി അദ്ധ്യക്ഷ വിവരാവകാശ കമ്മിഷന് കത്തയച്ചിരുന്നു.

Advertisement
Advertisement