ജര്‍മ്മന്‍ ഫുട്ബാള്‍ ടീം നായകന്‍ ഇല്‍ക്കേയ് ഗുണ്ടോഗന്‍ വിരമിച്ചു

Tuesday 20 August 2024 11:46 PM IST
ഇല്‍ക്കേയ് ഗുണ്ടോഗന്‍

മ്യൂണിക്ക്: ജര്‍മ്മന്‍ ഫുട്ബാള്‍ ടീമിന്റെ നായകന്‍ ഇല്‍ക്കേയ് ഗുണ്ടോഗന്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് 33കാരനായ ഗുണ്ടോഗന്റെ തീരുമാനം. ഇക്കഴിഞ്ഞ യൂറോ കപ്പില്‍ സ്‌പെയ്‌നിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് അവസാനമായി ജര്‍മ്മന്‍ കുപ്പായമണിഞ്ഞത്. ടോണി ക്രൂസിനും തോമസ് മുള്ളര്‍ക്കും പിന്നാലെ ഈ വര്‍ഷം വിരമിക്കുന്ന പ്രമുഖ ജര്‍മ്മന്‍ താരമാണ് ഗുണ്ടോഗന്‍.

2011ല്‍ ജര്‍മ്മന്‍ സീനിയര്‍ ടീമിലെത്തിയ മിഡ്ഫീല്‍ഡറായ ഗുണ്ടോഗന്‍ 13 വര്‍ഷം നീണ്ട കരിയറിനിടയില്‍ 82 മത്സരങ്ങളില്‍ നിന്ന് രാജ്യത്തിനായി 19 ഗോളുകള്‍ നേടിയിട്ടുണ്ട്. 2018,2022 ലോകകപ്പുകളിലും 2012, 2020 യൂറോകപ്പുകളിലും ജര്‍മ്മനിയെ പ്രതിനിധീകരിച്ചു. 2014ല്‍ ജര്‍മ്മനി ലോകകപ്പ് നേടിയപ്പോള്‍ നടുവിന് പരിക്കേറ്റതിനാല്‍ ഗുണ്ടോഗന്‍ ടീമിലുണ്ടായിരുന്നില്ല. 2016ലെ യൂറോ കപ്പിലും പരിക്ക് വിലങ്ങുതടിയായി. ജര്‍മ്മന്‍ ദേശീയ ഫുട്ബാള്‍ ടീമിന്റെ നായകനാകുന്ന ആദ്യ തുര്‍ക്കിഷ് വംശജനാണ്.

2009ല്‍ എഫ്.സി ന്യൂറംബര്‍ഗ് ക്‌ളബിലൂടെയാണ് ഗുണ്ടോഗന്‍ പ്രൊഫഷണല്‍ കരിയറില്‍ ശ്രദ്ധനേടിയത്. 2011ല്‍ ജര്‍മ്മന്‍ ക്‌ളബ് ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിലെത്തി. 2016ല്‍ ഇംഗ്‌ളീഷ് ക്‌ളബ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. സിറ്റിയുടെ നായകനായി നിരവധി കിരീടനേട്ടങ്ങളില്‍ പ്രധാന പങ്കുവഹിച്ച ഇല്‍ക്കേ 2023ലാണ് സ്പാനിഷ് ക്‌ളബ് ബാഴ്‌സലോണയിലേക്ക് കൂടുമാറിയത്. ഈ സീസണിന് ശേഷം ബാഴ്‌സലോണയും വിടാനാണ് ഗുണ്ടോഗന്റെ തീരുമാനമെന്നറിയുന്നു.

2011 ഓഗസ്റ്റില്‍ ബ്രസീലിന് എതിരായ സൗഹൃദ മത്സരത്തിനായാണ് ഗുണ്ടോഗനെ ആദ്യമായി ടീമിലെടുത്തതെങ്കിലും കളത്തിലറങ്ങിയത് ഇതേവര്‍ഷം ഒക്ടോബറില്‍ ബെല്‍ജിയത്തിന് എതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ പകരക്കാരനായാണ്.

2023ല്‍ മാനുവല്‍ ന്യൂയറിന്റെ അഭാവത്തിലാണ് ആദ്യമായി ജര്‍മ്മനിയുടെ ക്യാപ്ടനായത്. ന്യൂയര്‍ പരിക്ക് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും ഗുണ്ടോഗന്‍ ക്യാപ്ടനായി തുടര്‍ന്നു.

2018ല്‍ മെസ്യൂട്ട് ഓയ്‌സിലിനൊപ്പം തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനെ സന്ദര്‍ശിച്ച് ഗുണ്ടോഗനും പുലിവാല് പിടിച്ചിരുന്നു.

Advertisement
Advertisement