ഒരോവർ, 39 റൺസ് വിസെർ ആള് വീരനാണ് !
ആപിയ (സമോവ) : ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കാഡ് ഇനി ഓഷ്യാനിയൻ ദ്വീപ് രാഷ്ട്രമായ സമോവയുടെ ഡാരിയസ് വിസെറിന് സ്വന്തം. ഇന്നലെ നടന്ന ഈസ്റ്റ് ഏഷ്യ- പസഫിക് റീജിയണിലെ ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിലാണ് യുവ്‌രാജ് സിംഗിന്റെ റെക്കാഡുതകർത്ത് വിസെർ കസറിയത്. വനവാട്ടുവായിരുന്നു സമോവയുടെ എതിരാളികൾ.
തന്റെ മൂന്നാമത്തെ മാത്രം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിനിറങ്ങിയ 28കാരനായ വിസെർ നളിൻ നിപികോ എറിഞ്ഞ ഓവറിലാണ് 39 റൺസ് അടിച്ചുകൂട്ടിയത്. ആറ് സിക്സുകളും മൂന്ന് നോ ബാളുകളും ഉൾപ്പടെയാണ് നളിൻ ഇത്രയും റൺസ് വഴങ്ങിയത്. ആകെ 62 ബാളുകൾ നേരിട്ട വിസെർ 132 റൺസ് നേടി. മത്സരത്തിൽ സമോവ 20 ഓവറിൽ 174 റൺസാണ് ആകെ നേടിയത്.
സമോവയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററാണ് വിസെർ. 14 സിക്സുകൾ അടക്കമാണ് വിസെർ 62പന്തുകളിൽ നിന്ന് 132 റൺസ് നേടിയത്. ടീം നേടിയ ആകെ റൺസിന്റെ 75ശതമാനത്തിലധികവും വിസെറിന്റെ ബാറ്റിൽ നിന്നായിരുന്നു. ഇതും ഒരു റെക്കാഡാണ്. മത്സരത്തിൽ വിസെർ ഒരു വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ വനവാട്ടു 164/9 എന്ന സ്കോറിൽ ഒതുങ്ങിയതോടെ സമോവ മത്സരം 10 റൺസിന് ജയിച്ചു.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജനിച്ചുവളർന്ന വിസെർ ഫാസ്റ്റ് ബൗളറായിരുന്നു. പരിക്കിനെത്തുടർന്ന് ഓസീസ് ടീമിൽ പ്രവേശനം നേടുക പ്രയാസമായതോടെയാണ് സമോവയിലേക്ക് കുടിയേറിയത്.
റെക്കാഡ് ഇങ്ങനെ
നളിൻ നിപികോ എറിഞ്ഞ സമോവ ഇന്നിംഗ്സിലെ 15-ാം ഓവറിലാണ് റൺ പ്രളയമുണ്ടായത്.
നളിന്റെ ആദ്യ മൂന്ന് പന്തുകളും വിസെർ സിക്സിന് പറത്തി.
അടുത്ത പന്ത് നോ ബാളായിരുന്നു. ഫ്രീ ഹിറ്റായി ലഭിച്ച പന്തും സിക്സിന് പറത്തി.
അഞ്ചാം പന്തിൽ വിസെറിന് റൺസെടുക്കാനായില്ല.
അവസാന പന്തിനുള്ള ശ്രമം തുടർച്ചയായ രണ്ട് നോ ബാളുകളിൽ കലാശിച്ചു. ഇതിൽ രണ്ടാമത്തേതിൽ സിക്സ് നേടി.
ലീഗലായുള്ള അവസാനപന്തും ബൗണ്ടറി ലൈനിന് മുകളിലൂടെ പറന്നതോടെയാണ് ഒരോവറിൽ 39 റൺസിൽ എത്തിയത്.
6
ഇത് ആറാം തവണയാണ് അന്താരാഷ്ട്ര ട്വന്റി-20യിൽ ഒരു ടീം ഒരോവറിൽ 36 റൺസ് നേടുന്നത്. ഇതിൽ അഞ്ചുതവണയും ഒരു ബാറ്റർ തന്നെയാണ് ഇത്രയും റൺ നേടിയതും.
2007
ലെ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ളണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ യുവ്‌രാജ് സിംഗാണ് ആദ്യമായി ഓരോവറിൽ ആറ് സിക്സുകൾ പറത്തിയത്. 2021ൽ വിൻഡീസിന്റെ കെയ്റോൺ പൊള്ളാഡ് ശ്രീലങ്കയുടെ അഖില ധനഞ്ജയയെ ഒരോവറിൽ ആറ് സിക്സടിച്ചു.
2024
ൽ ഒരോവറിൽ 36 ഓ അതിലധികമോ റൺസ് പിറക്കുന്നത് ഇത് നാലാം തവണയാണ്. വിൻഡീസിന്റെ നിക്കോളാസ് പുരാൻ അഫ്ഗാൻ ബൗളർ അസ്മത്തുള്ള സസായ്‌ക്ക് എതിരെയും നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് അയ്‌രീ ഖത്തറിന്റെ കമ്രാൻ ഖാനെതിരെയും ഇന്ത്യയുടെ രോഹിത് ശർമ്മയും റിങ്കു സിംഗും ചേർന്ന് അഫ്ഗാന്റെ കരീം ജാനത്തിനെതിരെയും ഈ വർഷം ഇതിനുമുമ്പ് 36 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.