ഓണം വാരാഘോഷമില്ല, കിറ്റുണ്ട്: മുഖ്യമന്ത്രി ഓണച്ചന്തകൾ സെപ്തംബർ 6 മുതൽ

Wednesday 21 August 2024 12:35 AM IST

തിരുവനന്തപുരം:വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇത്തവണ ഓണം വാരാഘോഷമുണ്ടാകില്ല.എന്നാൽ ഓണക്കിറ്റും ഓണച്ചന്തകളും മറ്റ് ആഘോഷങ്ങളുമുണ്ടാകുമെന്നും ഓണക്കാലം ജീവിതോപാധിയായി കാണുന്നവരാരും ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ ആറ് ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്ക് 13ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സപ്ളൈകോവഴി വിതരണം ചെയ്യും. 36കോടിയാണിതിന്റെ ചെലവ്. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ഓണച്ചന്തകളുണ്ടാകും. സെപ്തംബർ 6മുതൽ 14വരെ ജില്ലാ ആസ്ഥാനങ്ങളിലും 10മുതൽ 14വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ളൈകോ ഓണച്ചന്തകൾ നടത്തും.കർഷകരിൽ നിന്ന് സംഭരിച്ച ജൈവപച്ചക്കറികൾ ഇവിടെ ലഭ്യമാക്കും.കൂടാതെ 13ഇനം നിത്യോപയോഗസാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും വിതരണം ചെയ്യും.കൂടാതെ ബ്രാൻഡഡ് ഉൽപന്നങ്ങൾ സൗജന്യനിരക്കിൽ ഓഫറുകളോടെയും നൽകും.സെപ്തംബർ 7മുതൽ 14വരെ കൺസ്യൂമർഫെഡ് 1500 ഓണച്ചന്തകൾ വേറെയും തുറക്കും.ഇതിൽ 73എണ്ണം ത്രിവേണി സ്റ്റോറുകളായിരിക്കും.ബാക്കി സഹകരണബാങ്കുകളായിരിക്കും നടത്തുക.ഇവിടങ്ങളിൽ സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിൽ 13 ഇനം സാധനങ്ങൾ സബ്സിഡിയോടെ നൽകും.മറ്റ് സാധനങ്ങൾ 10 മുതൽ 40%വരെ വിലക്കുറവിൽ ത്രിവേണികളിൽ കിട്ടും.

സെപ്തം. 11മുതൽ 14വരെ ഓണചന്തകൾ

സെപ്തംബർ 11മുതൽ 14വരെ 2000 കർഷക ഓണചന്തകൾ തുറക്കും.

ഇവിടങ്ങളിൽ വിപണി വിലയെക്കാൾ 10% കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ച് വിപണി വിലയെക്കാൾ 30% വരെ താഴ്ത്തിയായിരിക്കും വിൽക്കുക.

ജൈവ പച്ചക്കറികൾമൊത്ത വ്യാപാര വിലയെക്കാൾ 20% കൂട്ടി സംഭരിച്ച് വിപണി വിലയെക്കാൾ 10%വരെ താഴ്ത്തിയും വിൽക്കുന്നതായിരിക്കും.

ഖാദി ഉൽപന്നങ്ങൾ ഓണക്കാലത്ത് 30% വിലക്കുറവിൽ സെപ്തം.14വരെ നൽകും.15000ത്തോളം ഖാദി തൊഴിലാളികളെ സഹായിക്കാൻ സർക്കാർ ബഡ്ജറ്റിൽ 15കോടി ഇതിന് മാറ്റിവെച്ചിട്ടുണ്ട്.

 കൈത്തറി തൊഴിലാളികളെ സഹായിക്കാൻ റിബേറ്റ് വിൽപന ആഗസ്റ്റ് 23 മുതൽ സെപ്തംബർ 14വരെ നടത്തും.

കയർ ഫെഡ് ആഗസ്റ്റ് 5 മുതൽ സെപ്തംബർ 30വരെ മെത്തകൾക്ക് 50%ഉം മറ്റ് ഉൽപന്നങ്ങൾക്ക് 23% ഇളവോടുകൂടി വിൽപന നടത്തും.

ഓണക്കാലത്ത് സർക്കാർ ആഭുമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷം

പിണറായി വിജയൻ

മുഖ്യമന്ത്രി

Advertisement
Advertisement