രാജ്യാന്തര ക്രിക്കറ്റ് തലവനാകാൻ ജയ് ഷാ, ഐസിസി ചെയർമാനാകും, പിന്തുണച്ച് രണ്ട് മുൻനിര ക്രിക്കറ്റ് ബോർഡുകൾ
മുംബയ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ അന്താരാഷ്‌ട്ര ക്രിക്കറ്റ് ഭരണസമിതി(ഐസിസി)യുടെ ചെയർമാനായേക്കും.നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ളെ തനിക്ക് മൂന്നാം തവണയും ചെർമാനാകാൻ താൽപര്യമില്ല എന്നറിയിച്ചതോടെയാണ് 35കാരനായ ജയ് ഷായ്‌ക്ക് അവസരമൊരുങ്ങുന്നത്. നവംബർ മാസം വരെയാണ് നിലവിലെ ഐസിസി ചെയർമാന്റെ കാലാവധി ഇതിനുശേഷം തുടരാനില്ലെന്നാണ് അദ്ദേഹം ഐസിസി ഡയറക്‌ടർമാരെ അറിയിച്ചത്. രണ്ട് വർഷത്തെ കാലാവധിയാണ് ഐസിസി ചെയർമാനുള്ളത്.
കഴിഞ്ഞ നവംബർ മാസത്തിൽ തന്നെ ജയ് ഷാ അടുത്ത ഐസിസി ചെയർമാനാകും എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഷാ മത്സരിക്കും എന്ന് ഉറപ്പായതോടെ മുതിർന്ന ബോർഡ് ഡയറക്‌ടർമാരായ ഇമ്രാൻ ക്വാജ, തവേംഗ്‌വാ മുകുഹ്‌ലാനി എന്നിവർ മത്സരരംഗത്ത് നിന്നും പിന്മാറിയിരുന്നു. ഇതിനിടെ ഇംഗ്ളണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ ജയ് ഷായ്‌ക്ക് പിന്തുണ അറിയിച്ചതോടെയാണ് വരുന്ന ഡിസംബറിൽ ജയ് ഷായ്‌ക്ക് ചെയർമാൻ പദവിയിലേക്ക് എത്താൻ വഴിയൊരുങ്ങിയിരിക്കുന്നത്.
2019ലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായത്. 2028 വരെ അദ്ദേഹത്തിന് ബിസിസിഐ അദ്ധ്യക്ഷ പദവിയിലേക്ക് എത്താൻ സാധിക്കില്ല. ഇതിനിടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിലേക്ക് അദ്ദേഹം വരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 27 ആണ്.ഒന്നിലധികം ആളുകൾ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് നടക്കും.