ഇപ്പോൾ മാലിന്യം മരത്തിലും കായ്ക്കും! ഉത്തരവാദികൾ ആരെന്നറിഞ്ഞാൽ കണ്ണുതള്ളും

Wednesday 21 August 2024 1:24 PM IST

വടകര: ജലാശയങ്ങൾക്കും പൊതു ഇടങ്ങൾക്കും പുറമേ മരങ്ങളിലും മാലിന്യം കുന്നുകൂടുന്നു. ഒഞ്ചിയം വെള്ളാറ താഴഭാഗത്ത് റോഡിലെ തണൽ മരത്തിലാണ് മാലിന്യം ചാക്കിലാക്കി വച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് വേസ്റ്റുകളടക്കം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും മനുഷ്യർക്കും ജീവജാലങ്ങൾക്കാകെയും അപകടമാണെന്ന തിരിച്ചറിവിലാണ് ഇവ ഏറ്റെടുത്ത് സംസ്കരണ കേന്ദ്രങ്ങളിലേക്കയക്കാൻ പഞ്ചായത്തുകളിൽ ഹരിത കർമ്മസേന പ്രവർത്തനം തുടങ്ങിയത്. ആരോഗ്യപരിപാലനത്തിൽ ഹരിതസേനയുടെ പങ്ക് ചെറുതല്ല. വീടുകൾ തോറും കയറി സംഭരിക്കുന്ന ജൈവ, അജൈവമാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാൻ കൃത്യമായ ഇടം ലഭിക്കാതെ കുഴങ്ങുകയാണ് ഹരിത കർമ്മസേനാ പ്രവർത്തകർ.

ആളില്ലാ പറമ്പുകളിലും റോഡരികിലും വൃക്ഷങ്ങളൂടെ ചുവടുകളിലും മറ്റും ഇവ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും തെരുവുനായകളും കുറുക്കന്മാരും ചാക്കുകൾ കടിച്ചുകീറും.

സംസ്ഥാനത്ത് പലയിടങ്ങളിലും യഥാസമയം നീക്കംചെയ്യാതെ മാലിന്യം കുമിഞ്ഞുകൂടുകയാണ്. കാലവർഷം എത്തിയപ്പോൾ മാലിന്യത്തിൽ നിന്നുള്ള വെള്ളമൊഴുകി വീടുകളിലും നദികളിലുമെത്തി.ഇത് പകർച്ചവ്യാധികൾ പെരുകുന്നതിന് കാരണമാകുന്നുണ്ട്.ഇതുകൂടാതെ മലിനജലം കെട്ടിക്കിടന്ന് കൊതുകും പെരുകുന്നുണ്ട്. ഡെങ്കിപ്പനി,​ചിക്കുൻഗുനിയ,​എലിപ്പനി പോലുള്ള രോഗങ്ങൾ ഇതുകാരണം കൂടുന്നുണ്ട്.

മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനായി ഫോട്ടോ എടുത്ത് അറിയിക്കാനുള്ള സംവിധാനം അടക്കം പലയിടങ്ങളിലും അധികൃതർ ഏർപ്പെടുത്തിയെങ്കിലും അതൊന്നും കാര്യമായ പ്രയോജനം ഉണ്ടാക്കിയില്ല.ആലപ്പുഴയിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരുടെ പേരും വിലാസവുമടക്കം പ്രസിദ്ധപ്പെടുത്തിയെങ്കിലും അതും മാലിന്യം വലിച്ചെറിയുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. രാത്രികാല സ്ക്വാഡ് പരിശോധനയ്ക്ക് ഇറങ്ങിയിരുന്നെങ്കിലും അവരുടെ കണ്ണുവെട്ടിച്ചുപോലും മാലിന്യം തള്ളിയിരുന്നു.

Advertisement
Advertisement