പി.ആർ ശ്രീജേഷിന് രണ്ട് കോടി, സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ 2325 തസ്‌തികകൾ സൃഷ്‌ടിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Wednesday 21 August 2024 4:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ 2023-2024 അദ്ധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ആകെ 1212 സ്കൂളുകളിൽ നിന്നും 2325 അദ്ധ്യാപക, അനദ്ധ്യാപക അധികതസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യം.

പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ

2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ അനുവദിക്കും.

ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി

അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി ആഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാവും ഇത്.

ഓണക്കിറ്റ്

2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.

മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്‍റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം

മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്‍റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതിരിക്കാന്‍ കൺസഷണയർക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതൽ തന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ EOI - ൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) ലഭ്യമാക്കുന്നതിനും തത്വത്തിൽ അംഗീകാരം നല്‍കി.

സംസ്ഥാന സർക്കാർ തുറമുഖ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂർ അഴീക്കൽ അന്താരാഷ്ട്ര ​ഗ്രീൻഫീൽഡ് പോർട്ടും അതോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ പാർക്ക് / പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയുടെ വികസനവും. ഇതിനായി മലബാർ ഇൻ്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ചിട്ടുണ്ട്. 14.1 മീറ്റര്‍ ആഴമുള്ളതും 8000-75,000 DWT അല്ലെങ്കില്‍ 5000 TEU വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള കണ്ടയിനര്‍ കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാര്‍ക്കുകള്‍ / പ്രത്യേക സമ്പത്തിക മേഖലകള്‍ വഴി മലബാറിന്‍റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.

പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്നിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് 2022 ജനുവരിയില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സാങ്കേതിക കണ്‍സള്‍ട്ടന്‍റ് സമര്‍പ്പിച്ച ഡിസൈന്‍ റിപ്പോര്‍ട്ട് പ്രകാരം പുലിമുട്ട് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്ന് കണ്ടു. ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടര്‍ ഫൗണ്ടേഷന്‍ മാറ്റിക്കൊണ്ടുള്ള ശുപാര്‍ശകളോടെ ഡിസൈന്‍ റിപ്പോര്‍ട്ട് സാങ്കേതിക കണ്‍സള്‍ട്ടന്‍റ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.

കയറ്റുമതി - ഇറക്കുമതി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൻ്റെ കൺസൾറ്റൻറ്, ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (TCE) പ്രത്യേക സാമ്പത്തിക മേഖലകളുടെ (Special Economic Zones) ഇൻസെപ്ഷൻ റിപ്പോർട്ട് 2021 മാർച്ചിലും, ഹിന്റ്റർലാൻഡ് ബിസിനസ് പൊട്ടൻഷ്യൽ റിപ്പോർട്ട് 2022 മാർച്ചിലും സമർപ്പിച്ചു. വ്യവസായ പാർക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റർപ്ലാനും തയ്യാറാക്കുകയാണ്.

തസ്തിക

പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്സ് വിഭാഗം) എറണാകുളം സെക്ഷന്‍ ഓഫീസില്‍ ഹൈക്കോടതിയുടെ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് 55200- 115300 രൂപ ശമ്പള സ്കെയിലില്‍ ഒരു അസിസ്റ്റന്‍റ് എഞ്ചിനിയര്‍ തസ്തിക സൃഷ്ടിക്കും.

ടെണ്ടര്‍ അംഗീകരിക്കും

തിരുവനന്തപുരം ജില്ലയിലെ വഴയില - പഴകുറ്റി - കച്ചേരിനട - പതിനൊന്നാംമൈല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന കരകുളം ഫ്ലൈഓവര്‍ നിര്‍മ്മാണത്തിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ടെണ്ടര്‍ അംഗീകരിക്കും.

അംഗീകാരം നല്‍കി

വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനത്തിന് പുനരധിവസിപ്പിക്കേണ്ടി വരുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 112 കെട്ടിടങ്ങളുടെ ആകെ അംഗീകൃത മൂല്യനിര്‍ണയ തുകയായ 9,16,52,406 രൂപയ്ക്ക് അംഗീകാരം നല്‍കി.

ജലനിധിയെ ഉൾപ്പെടുത്തും

കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതികൾക്കായി അനുവദനീയമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിറ്റിയ്ക്ക് നൽകുവാൻ നിയമങ്ങളിൽ ഇളവ് വരുത്തി ജില്ലാകളക്ടർക്കു അനുവാദം നൽകിയ ഉത്തരവിൻ്റെ പരിധിയിൽ ജലനിധിയെ കൂടി ഉൾപ്പെടുത്തും.

Advertisement
Advertisement