മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും,​ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോൺക്ലേവ് എന്തിനാണെന്ന് പാർവതി

Wednesday 21 August 2024 9:20 PM IST

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് സിനിമ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് പാർവതി രംഗത്ത് വന്നത്. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോൺക്ലേവ് എന്തിനാണെന്ന് പാർവതി ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും പാർവതി ചോദിച്ചു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് ,​ നിങ്ങൾ എന്തു കൊണ്ട് പൊലീസിൽ പോയില്ല എന്ന്. ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടതെന്ന് അപ്പോൾ തിരിച്ചു ചോദിക്കേണ്ടി വരുമെന്നും പാർവതി പറഞ്ഞു. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യമില്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടി എടുത്തുവെന്നും പാർവതി ചോദിച്ചു.

മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടുമെന്നും താരം വ്യക്തമാക്കി. സമൂഹമദ്ധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെന്നും പാർവതി പറഞ്ഞു അമ്മ സംഘടനയിൽ നിന്ന് രാജി വച്ച ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.