ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി പി.രാജീവ്

Thursday 22 August 2024 12:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭങ്ങൾക്ക് കേരള ബ്രാൻഡിംഗോടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. രാജ്യാന്തര സംരംഭക ദിനത്തിൽ സംരംഭങ്ങൾക്ക് കേരള ബ്രാൻഡിംഗ് നൽകുന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗുണനിലവാരത്തിന് മുന്തിയ പരിഗണന നൽകുന്ന ഉപഭോക്താക്കൾ വൻകിട ബ്രാൻഡുകളേക്കാൾ മായമില്ലാത്ത ഗുണനിലവാരമുള്ള പ്രാദേശിക ഉത്പന്നങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സംരംഭകർക്ക് ആത്മവിശ്വാസം പകരാനായി ഒക്ടോബറിൽ സംരംഭക സഭ സംഘടിപ്പിക്കും. തുടക്കത്തിൽ വെളിച്ചെണ്ണയ്ക്കും തുടർന്ന് 14 ഉത്പന്നങ്ങൾക്കുമാണ് കേരള ബ്രാൻഡിംഗ് നൽകുന്നത്.

ആറ് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കാണ് ആദ്യഘട്ട കേരള ബ്രാൻഡ് രജിസ്‌ട്രേഷൻ നൽകിയത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ ,

എക്സിക്യുട്ടിവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, പബ്ലിക്ക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ ബോർഡ് എക്സിക്യുട്ടിവ് ചെയർമാൻ കെ, അജിത് കുമാർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement