കാഫിർ സ്ക്രീൻ ഷോട്ട്: അന്വേഷണം അന്തിമഘട്ടത്തിലെന്ന് സർക്കാർ

Thursday 22 August 2024 3:05 AM IST

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ വടകര മണ്ഡലത്തിൽ വിദ്വേഷ പരാമർശമടങ്ങിയ 'കാഫിർ" സ്ക്രീൻ ഷോട്ട് പ്രചരിച്ചതിന്റെ അന്വേഷണം അന്തിമഘട്ടത്തിലെന്ന് സ‌ർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉറവിടം കണ്ടെത്താൻ ഏറെപ്പേരെ ചോദ്യം ചെയ്യുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തു. ഫേസ്ബുക്ക്, വാട്സാപ്പ് കമ്പനികളിൽ നിന്ന് റിപ്പോർട്ട് കിട്ടിയാലുടൻ അന്വേഷണം പൂർത്തിയാക്കാനാകുമെന്നും അറിയിച്ചു.

അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി, കേസിൽ പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹർജിയിലാണ് വിശദീകരണം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഹർജി വിശദ വാദത്തിനായി 29ലേക്ക് മാറ്റി.

കാസിമിനെതിരെ പൊലീസിന് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞോയെന്ന് കോടതി ആരാഞ്ഞു. നിലവിൽ തെളിവുകൾ ഇല്ലെങ്കിലും സാദ്ധ്യത തള്ളാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി.

കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ്, അമ്പാടിമുക്ക് സഖാക്കൾ എന്നീ വാട്സാപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട മനീഷ്, സജീവ്, അമൽറാം, റിബേഷ് എന്നിവരുടെ മൊഴിയെടുക്കുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിൽ നിന്ന് വിദ്വേഷ പോസ്റ്റ് ഇനിയും നീക്കാത്തതിന്റെ പേരിലാണ് മെറ്റ കമ്പനിയെ പ്രതിചേർത്തത്. കാസിം പരാതിക്കാരനായ കേസിലും പ്രതിയായ കേസിലും സമാനന്തരമായി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം ഒരേ ഉറവിടത്തിലേക്കാകും എത്തിച്ചേരുകയെന്നും സർക്കാർ വിശദീകരിച്ചു.

സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച റിബേഷിനെ കർശനമായി ചോദ്യം ചെയ്താൽ വ്യക്തമാകുമായിരുന്ന ഉറവിടത്തിനായി മെറ്റ കമ്പനിയെ അന്വേഷണം ഏല്പിച്ച പൊലീസ് നടപടി അപഹാസ്യമാണെന്ന് കാസിമിന്റെ അഭിഭാഷകൻ മറുപടിനൽകി. പോസ്റ്റ് പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പ്രതിയാക്കുന്നതിന് പകരം സാക്ഷികളാക്കിയിരിക്കുകയാണ്. ഇത് ഇരട്ടനീതിയാണെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഹർജിക്കാരൻ വാദിച്ചു.

Advertisement
Advertisement