ഇന്ന് ദേശീയ ബഹിരാകാശ ദിനം, 2028ൽ ചന്ദ്രയാൻ - 4

Friday 23 August 2024 1:37 AM IST

തിരുവനന്തപുരം:ചന്ദ്രനിൽ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഒാർമ്മ പുതുക്കി രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു. 2028ലാണ് അടുത്ത ചാന്ദ്രദൗത്യം.

2023 ആഗസ്റ്റ് 23നാണ് ഐ.എസ്.ആർ.ഒ.യുടെ ചന്ദ്രയാൻ - 3ലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ലാൻഡറിലെ വിജ്ഞാൻ റോവർ ചന്ദ്രന്റെ മണ്ണിൽ സഞ്ചരിച്ചു. ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ദക്ഷിണധ്രുവത്തിലെ കാന്തിക സങ്കീർണ്ണതകൾ അതിജീവിച്ചത് സാങ്കേതിക മേൻമയായി ലോകം അംഗീകരിച്ചു. ചെലവുകുറഞ്ഞ ഗ്രഹാന്തരയാത്രയ്ക്കൊപ്പം ചന്ദ്രനിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചതും മികവായി. ചന്ദ്രനിൽ പേടകം ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് ഇന്ത്യ പേര് നൽകിയത്. ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങിയ രാജ്യമെന്ന നിലയിൽ ഇവിടെ ഇന്ത്യയ്ക്ക് മേൽക്കോയ്‌മയും ലഭിച്ചു. ചന്ദ്രനിൽ പേടകം പോയി തിരിച്ചു വരുന്നതാണ് അടുത്ത ദൗത്യം.

ബഹിരാകാശ നേട്ടങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനവും പൊതുജനങ്ങൾക്ക് പ്രയോജനവും ആക്കാൻ ലക്ഷ്യമിട്ടാണ് ചന്ദ്രയാൻ ദിനം ദേശീയ ബഹിരാകാശദിനമായി ആഘോഷിക്കുന്നത്. ആഗസ്റ്റ് 4 മുതൽ രാജ്യമാകെ പരിപാടികൾ നടക്കുകയാണ്. റോബോട്ടിക്സ് ചലഞ്ച്, സ്പെയ്സ് ഹാക്കത്തോൺ, വിജ്ഞാൻ ഭാരതിയുമായി ചേർന്ന് സ്പെയ്സ് ഒാൺ വീൽസ്, വിദ്യാർത്ഥികൾക്കായി സ്പെയ്സ് ട്യൂട്ടർ, മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്ന സ്പെയ്സ് ഫോർ ഫിഷർമെൻ പരിപാടികളും നടത്തുന്നുണ്ട്.

1969ൽ തിരുവനന്തപുരത്തെ തുമ്പയിൽ ഐ.എസ്.ആർ.ഒ.തുടങ്ങിയ ശേഷം ഇതുവരെ 124 ദൗത്യങ്ങൾ നടന്നു. ഇന്ത്യയ്ക്കായി 150ഉപഗ്രഹങ്ങളും 30വിദേശ രാജ്യങ്ങളുടെ 432ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ആറ് റീഎൻട്രികളും വിജയിപ്പിച്ചു. മനുഷ്യ ബഹിരാകാശ ദൗത്യം ഗഗൻയാൻ അടുത്തവർഷം പൂർത്തിയാക്കും.

വമ്പൻ പദ്ധതികൾ

2024ൽ ഗഗൻയാൻ 1

2025ൽ നിസാർ, ഗഗൻയാൻ 2, ശുക്രയാൻ

2026ൽ മംഗൾയാൻ2

2028ൽ ചന്ദ്രയാൻ4

2035ൽ ഭാരതീയ അന്തരീക്ഷ നിലയം(ഇന്ത്യൻ സ്പെയ്സ് സ്റ്റേഷൻ)

Advertisement
Advertisement