പാർട്ടിയെ താഴെത്തട്ടിൽ സജീവമാക്കും: എം. ലിജു
തിരുവനന്തപുരം: സംഘടനാപരമായി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും, പോഷക സംഘടനകളെയും ചലിപ്പിക്കുമെന്നും കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറിയായി എ.ഐ.സി.സി നിയമിച്ച എം.ലിജു പറഞ്ഞു. താഴെത്തട്ടിൽ പാർട്ടിയെ സജീവമാക്കുകയാണ് ദൗത്യമെന്നും അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു.
സംഘടനാച്ചുമതല നൽകാൻ കാരണം?
പാർട്ടി നേതൃത്വത്തിന്റെ തീരുമാനമാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായിരുന്നു, ഡി.സി.സി അദ്ധ്യക്ഷനായും, കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അനുഭവ പരിചയമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാർറൂമിന്റെ ചുമതല എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപദാസ് മുൻഷി തുടങ്ങിയവർ കൂടിയാലോചിച്ചാണ് നൽകിയത്. നന്നായി പ്രവർത്തിക്കാൻ സാധിച്ചു. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ താത്പര്യവുമുണ്ട്.
മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ വരുന്നു. മുന്നൊരുക്കങ്ങൾ?
മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എല്ലായിടത്തും പ്രത്യേകം ചുമതലകൾ ഓരോരുത്തർക്ക് പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്. സംഘടനാപരമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും സഹായമൊരുക്കുകയും ചെയ്യും.
പാർട്ടി ബൂത്ത് തലത്തിൽ ശോഷിച്ചില്ലേ?
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ബൂത്ത്തല പ്രവർത്തകരുടെ എണ്ണം കുറവാണ്. കേഡർ പ്രസ്ഥാനങ്ങൾ സ്ഥാപനവത്കരണത്തിലൂടെ ആളുകളെ പിടിച്ചു നിറുത്തുകയാണ്. കേഡറല്ലാത്തതിനാൽ കോൺഗ്രസിന് ദൗർബല്യങ്ങളുണ്ട്.
പാർട്ടിയിൽ ഗ്രൂപ്പുകൾ വീണ്ടും സജീവമായോ?
തീവ്രമായ ഗ്രൂപ്പിന്റെ അന്തരീക്ഷമല്ല, മറിച്ച് പാർട്ടിയാണ് വലുതെന്ന ധാരണയാണ് നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളത്.
കേരളത്തിലെ ബി.ജെ.പി മുന്നേറ്റം?
മോദി പരാജയപ്പെടുത്താൻ കഴിയാത്ത നേതാവാണെന്ന് ബി.ജെ.പി സൃഷ്ടിച്ച പ്രതിച്ഛായയുടെ ചീട്ടുകൊട്ടാരം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ തകർന്നു. കോൺഗ്രസിന് ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. ഇവിടെ ഇപ്പോഴും മുഖ്യ എതിരാളി സി.പി.എമ്മാണ്.
ബി.ജെ.പിയിലേക്കുള്ള പിന്നാക്ക വിഭാഗങ്ങളുടെ വോട്ടൊഴുക്കിന് എങ്ങനെ തടയും?
പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം എല്ലാ കാലത്തും നിലകൊണ്ടത് കോൺഗ്രസാണ്. സംവരണ വിഷയത്തിലും കൃത്യതയുള്ള നിലപാടുണ്ട്. സംവരണ വിരുദ്ധ പിന്നാക്ക വിരുദ്ധ സമീപനങ്ങളാണ് ബി.ജെ.പിയുടേത്.
നിയമസഭയിലേക്ക് ഇനിയും മത്സരിക്കുമോ?
ജയിക്കുമെന്ന് ഉറപ്പായ സീറ്റുകളിലല്ല മുമ്പ് മത്സരിച്ചത്. വിജയസാദ്ധ്യതയുണ്ടെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കും.