കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് പുതിയൊരു വെല്ലുവിളി,​ ഒളിഞ്ഞിരിക്കുന്ന അപകടം ഇങ്ങനെ

Friday 23 August 2024 12:21 AM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ടാക്‌സി വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചതിന്റെ ഭാരം ഫലത്തിൽ യാത്രക്കാർ ചുമക്കേണ്ടി വരും. യാത്രക്കാരിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കാതെ കരിപ്പൂരിലേക്ക് സർവീസ് നടത്തുന്നത് നഷ്ടമാണെന്നാണ് ടാക്സി ഡ്രൈവർമാരുടെ സംഘടനകളുടെ നിലപാട്. സർക്കാർ നിശ്ചയിച്ച മിനിമം ചാർജ് പ്രകാരം പത്ത് കിലോമീറ്ററിന് 300 മുതൽ 325 രൂപയാണ് ലഭിക്കുക.

എന്നാൽ കരിപ്പൂരിൽ 40 രൂപ ഉണ്ടായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ചാർജ് ഒറ്റയടിക്ക് 283 രൂപയാക്കി ഉയ‌ർത്തി. ഒരുമണിക്കൂർ പിന്നിട്ടാൽ തുക പിന്നെയും കൂടും. സെഡാൻ,​ സെവൻ സീറ്റർ വാഹനങ്ങൾക്ക് വ്യത്യസ്ത നിരക്കാണ്. ഈ മാസം 16നാണ് വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഫീസ് ഏഴിരട്ടിയായി വർദ്ധിപ്പിച്ചത്.

സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് 20 രൂപയിൽ നിന്ന് 40 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. അര മണിക്കൂറിന് ശേഷം 65 രൂപ നൽകണം. സ്വകാര്യ വാഹനങ്ങൾക്ക് വിമാനത്താവള കോമ്പൗണ്ടിൽ പ്രവേശിച്ച് സൗജന്യമായി പുറത്തുകടക്കുന്നതിനുള്ള സമയ പരിധി 11 മിനിറ്റാണ്. എന്നാൽ ഇതിനകം വിമാനത്താവളത്തിൽ പ്രവേശിച്ച് യാത്രക്കാരെയും ലഗേജും പുറത്തിറക്കി തിരിച്ചുപോവുക എന്നത് പ്രായോഗികമല്ല. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നേരത്തെ രണ്ട് ലൈൻ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ലൈൻ മാത്രമാണുള്ളത്. അകത്തേക്ക് പ്രവേശിക്കാൻ രണ്ട് ലൈനുണ്ട്. രാവിലെയും വൈകിട്ടുമാണ് കരിപ്പൂരിൽ നിന്ന് ഭൂരിഭാഗം സർവീസുകളുമുള്ളത്. ഈ സമയങ്ങളിൽ വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയും തിരിച്ചുപോവാൻ ഒരുലൈൻ മാത്രം അനുവദിക്കുകയും ചെയ്യുമ്പോൾ സ്വകാര്യ വാഹനങ്ങൾക്കും സൗജന്യ സമയപരിധിക്കകം പുറത്തിറങ്ങാൻ കഴിയില്ലെന്ന് ടാക്‌സി ഡ്രൈവ‌ർമാർ ചൂണ്ടിക്കാട്ടുന്നു.

കള്ള ടാക്സി വർദ്ധിക്കും

ടാക്സി വാഹനങ്ങൾക്ക് വലിയ പാർക്കിംഗ് ഫീസ് ഈടാക്കുന്നതോടെ കള്ള ടാക്സികളുടെ എണ്ണം വർദ്ധിക്കും. ഇവർക്ക് പാർക്കിംഗ് ഫീസായി 40 രൂപ നൽകിയാൽ മതി. യാത്രക്കാർക്കും ലാഭം. പാർക്കിംഗ് ഫീസ് വർദ്ധനവിനെതിരെ എയർപോർട്ട് അതോറിറ്റിക്ക് പരാതി നൽകാനും സമരപ്രതിഷേധങ്ങളുമായി മുന്നോട്ടുപോവാനുമാണ് ടാക്സി ഡ്രൈവർമാരുടെ സംഘടനകളുടെ തീരുമാനം. കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് എയർപോർട്ട് ഹജ്ജ് ഹൗസ് പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.

വിമാനത്താവളത്തിലെ പാർക്കിംഗ് കരാറെടുത്തവർ മനപൂർവം വാഹനത്തിരക്ക് ഉണ്ടാക്കുന്നുണ്ട്. വിമാനത്താവളത്തിന് പുറത്തേക്ക് പോവാൻ കൂടുതൽ ലൈനുകൾ ഏർപ്പെടുത്തണം. പ്രതിഷേധിക്കുന്നവർക്ക് നേരെ കരാർ ഏജൻസിയുടെ ജീവനക്കാർ കൈയ്യേറ്റത്തിന് ശ്രമിക്കുന്നുണ്ട്.

വി.ബി.മണികണ്ഠൻ,​ സംസ്ഥാന സെക്രട്ടറി,​ കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

Advertisement
Advertisement