എച്ച്.വി.എ കോഴ്‌സുകൾക്ക് സാധ്യതയേറെ
രാജ്യത്ത് ഹീറ്റിംഗ്, വെന്റിലേഷൻ, എയർകണ്ടീഷനിംഗ് തുടങ്ങിയവ ഉൾപ്പെടുന്ന എച്ച്.വി.എ.സിയുടെ വാർഷിക വളർച്ചാ നിരക്ക് 15.8 ശതമാനമാണ്. 2030-ൽ ഈ മേഖല 30 ബില്യൺ യു.എസ് ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഹീറ്റിംഗ്, വെന്റിലേഷൻ, എയർകണ്ടീഷനിംഗ് മേഖലയിൽ ഇന്റലിജന്റ് സൊല്യൂഷൻസ് ആണ് രൂപപ്പെട്ടുവരുന്നത്. ഇതിനുതകുന്ന രീതിയിലുള്ള കൺട്രോൾ സിസ്റ്റം, റിയൽ ടൈം മോണിറ്ററിംഗ്, ഊർജ ഉപയോഗം കുറക്കാനുതകുന്നതുൾപ്പടെ എ.ഐ, ഓട്ടോമേഷൻ എന്നിവ പ്രവർത്തികമാക്കിയുള്ള സാങ്കേതികവിദ്യ... അങ്ങനെ വൻ മാറ്റങ്ങളാണ് ഈ മേഖലയിലുണ്ടാകുന്നത്.
കോഴ്സുകൾ
എച്ച്.വി.എ.സി മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാനുതകുന്ന നിരവധി കോഴ്‌സുകളുണ്ട്. ബിരുദ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് എൻജിനീയറിങ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇതുമായി ബന്ധപ്പെട്ട മാനേജീരിയൽ തലത്തിലുള്ള സ്‌കിൽ വികസന കോഴ്‌സുകളുണ്ട്. ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് യഥാക്രമം സൂപ്പർവൈസറി, ടെക്‌നീഷ്യൻ ലെവൽ കോഴ്‌സുകളുണ്ട്.
സ്വകാര്യ മേഖലയിലാണ് കോഴ്‌സുകളേറെയും. നാഷണൽ സ്‌കിൽ വികസന കോർപ്പറേഷന്റെ അംഗീകാരമുള്ള കോഴ്‌സുകൾക്ക് രാജ്യത്തിനകത്തും വിദേശത്തും സാധ്യതകളുണ്ട്. 150- 400 മണിക്കൂർ ദൈർഘ്യമുള്ള സ്‌കിൽ വികസന കോഴ്‌സുകളുണ്ട്. ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് , ഡിപ്ലോമ, ഐ.ടി.ഐ /ഐ.ടി.സി സർട്ടിഫിക്കറ്റ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ്.
നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ നാലുമാസം ദൈർഘ്യമുള്ള എയർ കണ്ടീഷനിംഗ് കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ മാസ്റ്റർ കൺട്രോൾ, ക്വാളിറ്റി കൺട്രോൾ, ഡിസൈൻ, എം.ഇ.പി, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് കോഴ്‌സുകളുമുണ്ട്.
വ്യവസായ മേഖലയുടെ താല്പര്യത്തിനനുസരിച്ചു വിദ്യാർത്ഥിയുടെ പ്രാഥമിക യോഗ്യത വിലയിരുത്തി വേണം കോഴ്‌സുകൾക്ക് ചേരാൻ.
തൊഴിൽ സാധ്യത
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് തൊഴിൽ അവസരങ്ങളേറെയും.
വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ എച്ച്.വി.എ.സിക്ക് സാധ്യതയേറെയാണ്. യു.കെ സെക്ടർ കൗൺസിൽ, സ്‌കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിറ്റി, യു.എസ് സ്‌കിൽ കൗൺസിൽ, യൂറോപ്പ്യൻ സെക്ടർ കൗൺസിൽ, ഓസ്‌ട്രേലിയ സ്‌കിൽ കൗൺസിൽ എന്നിവയുടെ സർട്ടിഫിക്കേഷനോടുകൂടിയുള്ള പ്രോഗ്രാമുകൾ പൂർത്തിയാക്കിയാൽ യു.കെ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാം. കാലാവസ്ഥാ മാറ്റവും, ആഗോള താപനവും എച്ച്.വി.എ.സിയുടെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു.
നെതർലാൻഡ്സിൽ ഉപരിപഠനത്തിന് ശ്രമിക്കാം
നിരവധി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി നെതർലാൻഡ്‌സ് തെരെഞ്ഞെടുക്കുന്നുണ്ട്. അമേരിക്ക, യു.കെ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവായതും കൂടുതൽ വിദ്യാർത്ഥികൾ ഇവിടെ എത്തുന്നതിന് കാരണമാണ്. യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ആദ്യ 250-ൽ 13 സർവകലാശാലകൾ നെതർലാൻഡ്സിൽ നിന്നുള്ളവയാണ്. നിരവധി സ്വകാര്യ സർവകലാശാലകളുമുണ്ട്. അടുത്ത അക്കാഡമിക് വർഷത്തിൽ ആരംഭിക്കുന്ന കോഴ്‌സുകളുടെ അഡ്മിഷൻ ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. പ്രതിവർഷം 9000 മുതൽ 15,000 യൂറോ വരെ ഫീസിനത്തിൽ നൽകേണ്ടിവരും.
പൊലീസിൽ 15,075 അധിക തസ്തിക:
ശുപാർശ വകുപ്പിലെത്തിയില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജോലി സമ്മർദ്ദത്തിൽ പൊലീസിൽ ആത്മഹത്യയും സ്വയം വിരമിക്കലും കൂടുന്ന സാഹചര്യത്തിൽ 15,075 അധിക തസ്തികകൾ ആവശ്യപ്പെടുന്ന പൊലീസ് ആസ്ഥാനത്തിന്റെ ശുപാർശ ആഭ്യന്തരവകുപ്പിന് ഇനിയും കൈമാറിയില്ല.
ജോലി സമ്മർദ്ദം കുറയ്ക്കാൻ സേനയുടെ അംഗബലം കൂട്ടണമെന്നാണ് ശുപാർശ. ഇതിന് 6,476 സിവിൽ പൊലീസ് ഓഫീസർ തസ്തികയും. 6195 സീനിയർ സിവിൽ പൊലീസ് ഓഫീസർ തസ്തികയും അധികം വേണം. സിവിൽ പൊലീസ് ഓഫീസർമാരുടെ 12,500ലധികം നിയമനം റാങ്ക് ലിസ്റ്റുകളിൽ നിന്ന് പ്രതീക്ഷിക്കാം. ഇത് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമാണ്. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ 1,350 ഒഴിവുണ്ടാവും. ഏറ്റവും കുറവുള്ള വയനാട് ജില്ലയിൽ 439 തസ്തിക പുതുതായി സൃഷ്ടിക്കും. ഇൻസ്പെക്ടർ, എസ്.ഐ, എ.എസ്.ഐമാരുടെ 2300ലധികം തസ്തികൾ വേറെയും സൃഷ്ടിക്കണമെന്നും ശുപാർശയുണ്ട്.
പൊലീസ് സ്റ്റേഷനുകളിൽ 18,229 അധിക തസ്തികകൾ സൃഷ്ടിക്കണമെന്ന് 2017-ൽ ശുപാർശയുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും പഠനം നടത്തി തയ്യാറക്കിയ ശുപാർശയാണ് പൊടിപിടിച്ച് കിടക്കുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കണമെങ്കിൽ ശുപാർശ ആഭ്യന്തരവകുപ്പിന് ലഭിക്കണം. ധനവകുപ്പിനും മന്ത്രിസഭയിലും സമർപ്പിച്ച് അനുമതി വാങ്ങേണ്ടതുമുണ്ട്. ശുപാർശ ആഭ്യന്തര വകുപ്പിന് ലഭിക്കാത്തതോടെ നടപടികൾ വൈകും.
തസ്തിക നിർണയത്തിൽ
സർക്കാർ വഞ്ചിച്ചു
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ 2023 ജൂലായ് 15 ന് അനുവദിക്കേണ്ടിയിരുന്ന അധിക തസ്തികകൾ ഇപ്പോൾ അനുവദിച്ച സർക്കാർ ഉത്തരവ് വഞ്ചനയാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ അദ്ധ്യയനവർഷം ആവശ്യത്തിന് വിദ്യാർത്ഥികളുണ്ടായിട്ടും തസ്തികകൾ അനുവദിക്കാത്തതിനാൽ പഠിപ്പിക്കാൻ വേണ്ടത്ര അദ്ധ്യാപകരില്ലായിരുന്നു. കഴിഞ്ഞവർഷം നിയമനം ലഭിക്കേണ്ട ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ ഒരു വർഷത്തിലധികം കാത്തിരിക്കേണ്ടിവന്നു. ഇതിലൂടെ സർക്കാർ കോടിക്കണക്കിന് രൂപ ലാഭിച്ചു. തസ്തികനഷ്ടം സംഭവിച്ച അദ്ധ്യാപകർക്ക് ജൂലായ് മുതൽ ശമ്പളം നൽകാതെ പുറത്താക്കിയ സർക്കാർ, അധികതസ്തിക ഒക്ടോബർ മുതലാക്കിയത് നീതികേടാണ്. കഴിഞ്ഞവർഷത്തെ തസ്തിക നിർണയത്തിന് ജൂലായ് 15 മുതൽ പ്രാബല്യം നൽകണം. ഈ വർഷത്തെ തസ്തികനിർണ്ണയം ജൂലായ് പതിനഞ്ചാം തീയതി വച്ച് പൂർത്തിയാക്കി അടിയന്തരമായി നിയമനം നടത്തണം.
സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, ഷാഹിദ റഹ്മാൻ, എൻ.രാജ് മോഹൻ, കെ.രമേശൻ, ബി.സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, റ്റി.യു സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.