അസാമീസ് ബാലിക വീടിന്റെ എല്ലാമെല്ലാം

Friday 23 August 2024 1:28 AM IST

തിരുവനന്തപുരം:വീട് വിട്ടിറങ്ങിയ അസാം പെൺകുട്ടി വാടകവീട്ടിലെ എല്ലാമെല്ലാമായിരുന്നെന്ന് അയൽക്കാർപറയുന്നു. പിതാവ് അൻവർ ഹുസൈനും മാതാവ് ഫർവിൻ ബീഗവും ജോലിക്ക് പോയാൽ വീട് നോക്കുന്നത് 13കാരിയാണ്. മാതാവ് നേരത്തേ പോകുന്നതിനാൽ പലപ്പോഴും പാചകം ചെയ്യുന്നത് ഈ കുട്ടിയാണ്. ചിലപ്പോൾ ഇളയ കുഞ്ഞിനെ സ്കൂളിൽ കൊണ്ടു പോകും. ഇടയ്ക്ക് ഇവർ‌ തമ്മിൽ വഴക്കും തല്ലുകൂടലുമൊക്കെ ഉണ്ട്. മൂത്ത കുട്ടിയെന്ന നിലയിൽ മാതാപിതാക്കൾ 13 കാരിയെയാണ് ശകാരിക്കുന്നതെന്നും അയൽവാസികൾ പറഞ്ഞു.

അയൽവാസികളുമായി നല്ല പൊരുത്തത്തിലായിരുന്നു. മറ്റ് കുട്ടികളെ പോലെ പഠിക്കാൻ പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. കഠിനംകുളം സ്കൂളിൽ അഡ്മിഷൻ നേടാനുള്ള ശ്രമത്തിലാണ്.

ഒരു വർഷം മുൻപാണ് അൻവർ ഹുസൈൻ തലസ്ഥാനത്ത് ജോലിക്ക് എത്തുന്നത്. ഒരു മാസം മുൻപാണ് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടു വന്നത്. മുൻപ് ചെയ്തിരുന്ന ജോലി വിട്ട് ഇപ്പോൾ ഒരു സ്വകാര്യ സ്കൂളിൽ കൃഷിപ്പണി ചെയ്യുകയാണ് അൻവ‌ർ ഹുസൈനും ഭാര്യയയും.രാവിലെ മകൾ വിളിച്ചെന്നും ഭക്ഷണം കഴിച്ച് സുഖമായി ഇരിക്കുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.

ഇനി തല്ലില്ല : പിതാവ്

കുട്ടിയെ ഇനി തല്ലില്ലെന്ന് അൻവർ കേരളകൗമുദിയോട് പറഞ്ഞു.മകൾ പിണങ്ങി പോകുമെന്ന് വിചാരിച്ചില്ല. ഭാര്യയെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ഇളയ കുട്ടിയെ കൂടെ നിറുത്തി മറ്റ് രണ്ട് കുട്ടകളെ ആസാമിലെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്ത് വിടാനും ആലോചനയുണ്ട്. മകൾ എത്തിയ ശേഷം തീരുമാനിക്കും. ആദ്യമായാണ് മകൾ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നത്.

ഇവിടെത്തെ അന്വേഷണം മികച്ചത്

പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ പരാതി പോലും വാങ്ങാതെ കഴക്കൂട്ടം പൊലീസ് തന്റെ കൂടെ അന്വേഷണത്തിന് വന്നെന്ന് അൻവർ പറഞ്ഞു.

ആസാമിൽ കുട്ടികളെ കാണാതായാൽ പേരിന് പോലും അന്വേഷണം നടത്തില്ല.പരാതി എടുത്താലും അന്വേഷിച്ച് കിട്ടിയില്ലെന്ന് മറുപടി പറയും. കേരളത്തിലെ അന്വേഷണം അത്ഭുതപ്പെടുത്തി.

Advertisement
Advertisement