പ്രതിസന്ധികളെ അവസരമാക്കാൻ ശാരദ വിശ്വാസം അധികാര വികേന്ദ്രീകരണത്തിൽ നിയുക്ത ചീഫ് സെക്രട്ടറി സംസാരിക്കുന്നു
തിരുവനന്തപുരം: ഭർത്താവ് വി. വേണുവിനു പിന്നാലെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന ശാരദാമുരളീധരന് അധികാരവികേന്ദ്രീകരണത്തിലാണ് വിശ്വാസം. ജനകീയാസൂത്രണം തുടങ്ങുന്നതിനുമുമ്പ് അതിന്റെ ഭരണഘടനാഭേദഗതി മുതൽ ആ വകുപ്പിൽ പ്രവർത്തിച്ചിരുന്നു. 'ഇത് പ്രാവർത്തികമാക്കുന്നതിലുള്ള എല്ലാ സങ്കീർണതകളും കണ്ടതാണ്. ജനകീയാസൂത്രണത്തിന്റെ സമയത്ത് വീടുകളിൽ ശൗചാലയം എത്തിക്കുന്നതായിരുന്നു അജൻഡ. ഇപ്പോൾ സ്വഭാവം മാറി. പ്ലാസ്റ്റിക്ക് വലിയ തലവേദനയായി."
സംസ്ഥാനത്തെ ധനപ്രതിസന്ധിയെ എങ്ങനെ മറികടക്കും?
പ്രതിസന്ധികളെ അവസരമാക്കി മാറ്റാനുള്ള ചിന്തയാണ് വേണ്ടത്. നൂതനമായ മാർഗങ്ങളിലൂടെ ധനസമാഹരണം വർദ്ധിപ്പിക്കണം. സംസ്ഥാനത്തിന്റെ ജി.ഡി.പി മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലും ഉണ്ടാവണം. അതിനുള്ള ശ്രമം നടത്തും.
8 മാസമാണ് ഈ പദവിയിലുള്ളത്. എന്തിനൊക്കെയാവും മുൻഗണന?
വയനാട് പുനരധിവാസം, മാലിന്യമുക്ത നവകേരളം, കതിദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയ്ക്കാണ് മുൻഗണന. 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്" നിലവാരം മെച്ചപ്പെടുത്തൽ പ്രാധാമാണ്. സുസ്ഥിര വികസനത്തിൽ കേരളം മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ചില മേഖലകളിൽ അവിടെയും ഇടപെടേണ്ടതുണ്ട്.
വയനാട് പുനരധിവാസം നടപ്പിലാക്കുന്നതെങ്ങനെയാവും?
ഇന്ന് വയനാട് സന്ദർശിക്കുന്നുണ്ട്. കൽപ്പറ്റ, മുട്ടിൽ എന്നിവിടങ്ങളിൽ ജനങ്ങളുമായുള്ള കൂടിയാലോചനകളിൽ പങ്കെടുക്കും. പരിസ്ഥിതി ദുർബല പ്രദേശമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാവണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. ദുരിതമനുഭവിപ്പിക്കുന്ന ജനസമൂഹത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഉൾക്കൊണ്ട് പരിസ്ഥിതിക്ക് ഇണങ്ങുന്ന ഇടപെടലാണ് വേണ്ടത്. ഓരോ കുടുംബത്തിന്റെയും പുനരധിവാസത്തിനായി സൂക്ഷ്മതലത്തിലുള്ള പദ്ധതി വേണ്ടിവരും.
കേരളത്തിൽ ചീഫ് സെക്രട്ടറിയാകുന്ന അഞ്ചാമത്തെ വനിത? എങ്ങനെ കാണുന്നു?
ഞങ്ങളൊക്കെ സർവ്വീസിൽ കയറുമ്പോൾ ഐ.എ.എസിൽ വനിതകളുടെ എണ്ണം കുറവായിരുന്നു. 8 മുതൽ 10 ശതമാനമായിരുന്ന വനിത പ്രാതിനിധ്യം. പുതുതലമുറ വന്നപ്പോൾ 30 ശതമാനത്തിനു മുകളിലേക്ക് ഉയർന്നു. ഒരു സമയത്ത് സംസ്ഥാനത്ത് 9 ജില്ലകളിലും വനിത കളക്ടർമാരായിരുന്നു. മാറ്റം നല്ലതാണ്.
സിവിൽ സർവ്വീസിലേക്ക് വരുന്നവരോട് പറയാനുള്ളത്?
ജോലിയിൽ ആകർഷകമായ പലതും കാണും. എന്നാൽ, ദീർഘകാല സ്വാധീനത്തിനാണ് ഊന്നൽ നൽകേണ്ടത്. നമ്മൾ ഒരു സംവിധാനം രൂപപ്പെടുത്തുകയും നമ്മളില്ലെങ്കിലും ഉണ്ടെങ്കിലും അത് പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണത്.
നിലവിലെ ചീഫ് സെക്രട്ടറി വി. വേണുവിന്റെ ഉപദേശമെന്താണ്?
കണ്ടുമുട്ടിയ കാലം മുതൽ അങ്ങോട്ടുമിങ്ങോട്ടും ഉപദേശം നൽകിയും വാങ്ങിയുമാണ് പോകുന്നത്.
തിരക്കിനിടയിൽ വീട്ടുകാര്യങ്ങൾ നിർവഹിക്കാൻ എങ്ങനെ സമയം കണ്ടെത്തും എന്ന ചോദ്യത്തിന് 'ഇനി ഇപ്പോൾ വീട്ടുകാര്യങ്ങൾ നോക്കാൻ ഭർത്താവുണ്ടല്ലോ" എന്നായിരുന്നു ചരിച്ചുകൊണ്ടുള്ള മറുപടി.