അംബാനിയ്‌ക്കും 24 കമ്പനികൾക്കും വൻ തിരിച്ചടി,​ കർശന തീരുമാനം പ്രഖ്യാപിച്ച് സെബി

Friday 23 August 2024 2:08 PM IST

ന്യൂഡൽഹി: കമ്പനി പണം വകമാറ്റി ചിലവഴിച്ച കുറ്റത്തിന് പ്രശസ്‌ത വ്യവസായി അനിൽ അംബാനിയ്‌ക്ക് ഓഹരി വിപണിയിൽ ഇടപെടുന്നതിന് വിലക്കേർപ്പെടുത്തി സെബി. അനിൽ അംബാനിയ്‌ക്കും റിലയൻസ് ഹോം ഫിനാൻസിലെ പ്രധാനപ്പെട്ട മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും എതിരെയാണ് സെബിയുടെ ശക്തമായ നടപടി. അനിലിന് 25 കോടി രൂപയുടെ പിഴയും സെബി ചുമത്തി.

അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തിൽ ഇനി ഏതെങ്കിലും ലിസ്‌റ്റ് ചെയ്‌ത കമ്പനിയുടെ ഡയറക്‌ടറാകാനോ മറ്റ് ഉന്നത പദവികൾ വഹിക്കാനോ അനിൽ അംബാനിയ്‌ക്ക് കഴിയില്ല. അഞ്ച് വർഷത്തേക്കാണ് ഇത്തരത്തിൽ വിലക്ക്. റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റി മാർക്കറ്റിൽ നിന്ന് ആറ് മാസത്തേക്കാണ് വിലക്കിയത്. മാത്രമല്ല സെബി ആറ് ലക്ഷം രൂപ പിഴയും നൽകി.

റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന മാനേജർമാരുടെ സഹായത്തോടെ അനിൽ അംബാനി റിലയൻസ് ഹോം ഫിനാൻസിൽ നിന്ന് പണം തട്ടിയെടുക്കാൻ പദ്ധതി ആസൂത്രണം ചെയ്‌തതായി സെബി റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ലോൺ നൽകരുതെന്ന് ശക്തമായ നി‌ർദ്ദേശമുണ്ടെങ്കിലും കമ്പനി മാനേജർമാർ അവയെല്ലാം അവഗണിച്ചു. ഇതിന് കാരണം അനിൽ അംബാനിയാണ്. തുടർന്ന് റിലയൻസ് ഹോം ഫിനാൻസിലെ അമിത് ബപ്‌ന,​ രവീന്ദ്ര സുധാൽക്കർ,​ പിങ്കേഷ് ആർ ഷാ എന്നിവർക്ക് സെബി പിഴ ചുമത്തുകയായിരുന്നു. അംബാനിയ്‌ക്ക് 25 കോടി നൽകിയപ്പോൾ,​ അമിത് ബപ്‌നയ്‌ക്ക് 27 കോടിയാണ് പിഴ വിധിച്ചത്. സുധാഷക്കർ 26 കോടിയും ഷാ 21 കോടിയും പിഴയടക്കണം.

ഇതിനുപുറമേ മറ്റ് സ്ഥാപനങ്ങളായ റിലയൻസ് യൂണികോൺ എന്റർപ്രൈസസ്,​ റിലയൻസ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്,​ റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമി.,​റിലയൻസ് ക്ളീൻജെൻ ലിമി,​ റിലയൻസ് ബിസിനസ് ബ്രോഡ്‌‌കാസ്റ്റ് ന്യൂസ് ഹോൾഡിംഗ് ലിമി.,​റിലയൻസ് ബിഗ് എന്റർടെയ്‌ൻമെന്റ് പ്രൈ.ലിമിറ്റഡ് എന്നീ കമ്പനികൾ 25 കോടി വീതം അടയ്‌ക്കണം. ഇവ അനധികൃതമായി ലോൺ നേടിയതിനാലോ,​ റിലയൻസ് ഹോം ഫിനാൻസിന് അവ നേടാൻ മദ്ധ്യവർത്തിയായതിനോ ആണ് പിഴ ശിക്ഷ അടയ്‌ക്കേണ്ടത്.2022 ഫെബ്രുവരിയിൽ സെബി അനിലിനെയും മറ്റുള്ളവരെയും വിപണിയിൽ ഇടപെടുന്നതിന് താൽക്കാലികമായി വിലക്കിയിരുന്നു.

Advertisement
Advertisement