ആരും എന്റെ വാതിലിൽ തട്ടിവിളിച്ചിട്ടില്ല, അഡ്‌ജസ്​റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടില്ല: വ്യക്തമാക്കി നടി ജോമോൾ

Friday 23 August 2024 4:47 PM IST

കൊച്ചി: സിനിമ മേഖലയിലെ ആരും തന്നോട് ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് നടിയും 'അമ്മ' എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഹേമ കമ്മി​റ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള അമ്മയുടെ പ്രതികരണം അറിയിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോമോൾ. ഇതുവരെ ആരും വാതിലിൽ മുട്ടുകയോ അഡ്ജസ്​റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ജോമോൾ പറഞ്ഞു.

'ഞാനെത്രയാേ കാലമായി സിനിമയിൽ അഭിനയിക്കുന്നു. എന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. ഇന്നേവരെ അത്തരം അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് എന്നോടാരും പറഞ്ഞിട്ടില്ല', ജോമോൾ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ സ്വാഗതാർഹമാണെന്നുമായിരുന്നു 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അതിലെ ശുപാർശകളെല്ലാം നടപ്പിൽവരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത് അമ്മയെ അല്ല. മാദ്ധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതിൽ വിഷമമുണ്ടെന്നും തെറ്റുചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാൻ വൈകിയത്. പ്രസിഡന്റ് സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഞങ്ങളുടെ അംഗങ്ങൾ തൊഴിലിടത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്' സിദ്ദിഖ് പറഞ്ഞു.

Advertisement
Advertisement