പ്രവാസികളുടെ കരുത്തില്‍ സമ്പന്നമായി ഗ്രാമം; സ്വന്തമാക്കിയത് ഏഷ്യയിലെ ഏറ്റവും മികച്ച റെക്കോഡ്

Friday 23 August 2024 8:09 PM IST

അഹമ്മദാബാദ്: ഏഷ്യയില്‍ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍. രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികളുടെ സ്വന്തം ഗുജറാത്തില്‍ തന്നെയാണ് മദാപ്പര്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് രൂപയാണ് ഇവിടുത്തെ ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായി ഉള്ളത്. ഗുജറാത്തിലെ മദാപ്പര്‍ ഗ്രാമത്തിലെ വിവിധ ബാങ്കുകളിലായി 7000 കോടിയുടെ സ്ഥിര നിക്ഷേപമാണ് ഇവിടുത്തുകാര്‍ക്കുള്ളത്. 32,000 വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും പട്ടേല്‍ സമുദായത്തില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.

എസ്.ബി.ഐ, എച്ച്ഡിഎഫ്‌സി, പിഎന്‍ബി തുടങ്ങിയ വിവിധ ബാങ്കുകളുടെ 17 ശാഖകളാണ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് മറ്റേതൊരു ഗ്രാമത്തിലുള്ളതിനേക്കാളും കൂടുതല്‍ ബാങ്കുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടുതല്‍ ബാങ്കുകള്‍ ഇവിടെ ശാഖകള്‍ തുറക്കാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ട്. എന്താണ് മദാപ്പര്‍ ഗ്രാമത്തിന്റെ അഭിവൃദ്ധിയെന്ന് ചോദിച്ചാല്‍ അതിന് കാരണം പ്രവാസികളുടെ വരുമാനം എന്നത് തന്നെയാണ്.

സമൃദ്ധിയുടെ പ്രധാനകാരണം ഗ്രാമത്തിലെ 65 ശതമാനത്തിലേറെ പേരും പ്രവാസികളാണ് എന്നതാണ്. ഇവിടെ ഏകദേശം 20000ത്തോളം വീടുകളുണ്ട്.1200 കുടുംബങ്ങള്‍ വിദേശത്ത് താമസിക്കുന്നു. ഒരു കുടുംബത്തിലെ ഒരാള്‍ എങ്കിലും യുകെ, യുഎസ്എ, ആഫ്രിക്ക, ഗള്‍ഫ് എന്നിവിടങ്ങളില്‍ ജോലിയുള്ളവരാണ്. ഇവരുടെ വരുമാനത്തിന്റെ വലിയ ഒരു ശതമാനം നാട്ടിലേക്കു തന്നെ ഇവര്‍ എത്തിക്കുന്നു. സ്ഥലത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. ഒപ്പം വ്യവസായങ്ങളും നാട്ടില്‍ തന്നെ ആരംഭിക്കുന്നു. ഇതോടെയാണു ഗ്രാമം സമ്പന്നമായത്.

Advertisement
Advertisement