അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ വിലക്ക്

Saturday 24 August 2024 12:55 AM IST

കൊച്ചി: പ്രമുഖ വ്യവസായിയും അനിൽ ധിരുഭായ് അംബാനി(എ.ഡി.എ) ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനിയ്ക്കും 24 അനുബന്ധ സ്ഥാപനങ്ങൾക്കും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അഞ്ച് വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി. ഇതോടൊപ്പം അനിൽ അംബാനിക്ക് 25 കോടി രൂപ പിഴയും സെബി വിധിച്ചു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ(ആർ.എച്ച്.എഫ്.എൽ) മുൻഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് സെബി നടപടിക്ക് വിധേയമായിട്ടുള്ളത്. റിലയൻസ് ഹോം ഫിനാൻസിനെ ആറ് മാസത്തേക്ക് ഓഹരി വിപണിയിൽ വിലക്ക് ഏർപ്പെടുത്തുമെന്നും ആറ് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സെബി ഉത്തരവിൽ പറയുന്നു.

ആരോപണം

ആർ.എച്ച്.എഫ്.എല്ലിൽ നിന്ന് നിയമവിരുദ്ധമായി അനിൽ അംബാനിയും സംഘവും പണം വകമാറ്റിയെന്നാണ് ആരോപണമുണ്ടായത്. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ എ.ഡി.എ ഗ്രൂപ്പ് ചെയർമാനെന്ന പദവി ദുരുപയോഗിച്ച് കമ്പനി ഉദ്യോഗസ്ഥരുമായി ചേർന്ന് ആർ.എച്ച്.എഫ്.എല്ലിൽ നിന്ന് വായ്പയെന്ന വ്യാജേന മറ്റ് ഗ്രൂപ്പ് കമ്പനികളിലേക്ക് പണം വെട്ടിച്ചെന്ന് സെബിയുടെ 222 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. സാമ്പത്തിക ഭദ്രതയോ ആവശ്യമായ ആസ്തികളോ

ഇല്ലാത്ത ഗ്രൂപ്പ് കമ്പനികളിലേക്കാണ് ഈ തുക മാറ്റിയത്.

തകർന്നടിഞ്ഞ് ഗ്രൂപ്പിന്റെ ഓഹരികൾ

അനിൽ അംബാനിക്കും സഹ ജീവനക്കാർക്കും വിലക്ക് ഏർപ്പെടുത്തിയ സെബിയുടെ നടപടിക്ക് പിന്നാലെ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ കനത്ത തകർച്ച ദൃശ്യമായി. റിലയൻസ് പവർ, റിലയൻസ് ഹോം ഫിനാൻസ് എന്നിവയുടെ ഓഹരി വില 4.9 ശതമാനം ഇടിഞ്ഞു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 14.2 ശതമാനം ഇടിഞ്ഞു. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് കാപ്പിറ്റൽ, റിലയൻസ് നാവൽ ആൻഡ് എൻജിനിയറിംഗ് എന്നിവയുടെ ഓഹരി വ്യാപാരവും പൂർണമായും തടഞ്ഞു.

Advertisement
Advertisement