സിനിമാ റിവ്യൂ: 46 ലക്ഷം തട്ടിയ 3പേർ റിമാൻഡിൽ
തൃശൂർ: മൊബൈൽ ആപ്പുവഴി സിനിമകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നതിലൂടെ വൻതുക വാഗ്ദാനം ചെയ്ത് തൃശൂർ കയ്പമംഗലം സ്വദേശി മഹേഷിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ അറസ്റ്റിലായ സംഘത്തിലെ മൂന്നുപേരെ റിമാൻഡ് ചെയ്തു. കൊല്ലം കടയ്ക്കൽ അബ്ദുൾ അയൂബ് (25), മാടത്തറ ഷിനാജ് മൻസിലിൽ ഷിനാജ് (25), പി.കെ.ഹൗസിൽ അസ്ലം (21) എന്നിവരാണ് റിമാൻഡിലായത്. വിവാഹമായതിനാൽ സംഘത്തിലുള്ള തിരുവനന്തപുരം ആനാട് ഷമീന മൻസിലിൽ ഷഫീറിന് (29) കോടതി ജാമ്യമനുവദിച്ചു. തട്ടിപ്പു വിവരം പുറത്തായതോടെ ഇയാളുടെ വിവാഹം മുടങ്ങിയതിനാൽ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസ് നീക്കം.
ഓരോ റേറ്റിംഗിനും 500 മുതൽ 1,000 രൂപവരെ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓൺലൈൻ ജോലി അന്വേഷിക്കുന്നതിനിടെയാണ് മഹേഷിനെ തട്ടിപ്പുകാർ ടെലിഫോണിൽ ബന്ധപ്പെട്ട് സിനിമാ നിരൂപണത്തെപ്പറ്റി പറഞ്ഞത്. സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമായ ടെലഗ്രാം വഴി കൈമാറുന്ന പ്‌ളെക്‌സ് എന്ന സിനിമാ നിരൂപണ ആപ്ലിക്കേഷനിലൂടെ റേറ്റിംഗ് നടത്തുകയായിരുന്നു ജോലി. സിനിമകൾക്ക് 5 സ്റ്റാർ റേറ്റിംഗ് നൽകിയാലേ പ്രതിഫലം നൽകൂ. ഒരു ദിവസം 10,000 രൂപ നിക്ഷേപിച്ചാലാണ് റിവ്യൂ ചെയ്യാനാവുക. ഇംഗ്‌ളീഷ്, മലയാളം, ഹിന്ദി സിനിമകളാണ് മഹേഷ് റിവ്യൂ ചെയ്തത്. ഒരാഴ്ച 70,000 രൂപ നിക്ഷേപിച്ചപ്പോൾ 90,000 രൂപ ലഭിച്ചതോടെ വിശ്വാസമായി.
കമ്പനിയുടെ വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുണ്ടെന്നും കൂടുതൽ തുക നിക്ഷേപിച്ചാൽ ഇരട്ടി ലഭിക്കുമെന്നും വാഗ്ദാനം നൽകി. ഓൺലൈൻ ഓഹരിക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്നും പറഞ്ഞു. സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങി 20 ദിവസത്തിനിടെ മഹേഷ് പല തവണയായി തുക നൽകി. പണം തിരികെ ചോദിച്ചപ്പോൾ ഇൻഷ്വറൻസ് തുകയും മറ്റ് ചെലവുകൾക്കുമായി എട്ടുലക്ഷം കൂടി ചോദിച്ചതോടെ സംശയമായി. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടതോടെ തട്ടിപ്പ് പുറത്തായി.