അസാം ബാലിക വീണ്ടും വീട്ടിലേക്ക്, കാത്തിരിപ്പിന് നാളെ വിരാമം
തിരുവനന്തപുരം: പുറപ്പെട്ടുപോയ മകൾക്കായുള്ളമാതാപിതാക്കളുടെ കാത്തിരിപ്പിന് നാളെ വിരമമാവും. ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്ന അസാം ബാലികയ്ക്കായി കഴക്കൂട്ടത്തെ വാടക വീട്ടിൽ കാത്തിരിക്കുകയാണ് പിതാവ് അൻവർ ഹുസൈനും അമ്മ പർവിൻ ബീഗവും.
50 രൂപയുമായി വീട്ടിൽ നിന്നിറങ്ങി 1,650 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ച പതിമൂന്നുകാരിയെ കൂട്ടിക്കൊണ്ടുവരാൻ കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം ഇന്നലെ വൈകിട്ട് ആറരയോടെ വിശാഖപട്ടണത്തിനു സമീപംവിശാഖവാലിയിലെ ചിൽഡ്രൻസ് ഹോമിലെത്തി. വനിതാ പൊലീസുകാർ കുട്ടിയെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങാമെന്നറിയിച്ചപ്പോൾ മുഖത്ത് സന്തോഷം. എങ്കിലും വീട്ടിലെത്തുമ്പോൾ അമ്മ അടിക്കുമോ എന്ന ഭീതി കണ്ണുകളിൽ നിറഞ്ഞു. അമ്മ ഒന്നും ചെയ്യില്ലെന്നും സ്കൂളിൽ പോയി പഠിക്കാമെന്നും പറഞ്ഞതോടെ കണ്ണുകളിൽതിളക്കം. ഇന്നലെത്തന്നെ മടക്കയാത്രയ്ക്ക് അവൾ ഒരുങ്ങി. ട്രെയിൻ ടിക്കറ്റ് ഇന്നത്തേക്കാണെന്നും കാത്തിരിക്കണമെന്നും പറഞ്ഞതോടെ നിരാശയിലായി.എത്രയും പെട്ടെന്ന് മാതാപിതാക്കളുടെ അടുത്ത് എത്തണമെന്നാണ് അപ്പോൾ പറഞ്ഞത്. ഹിന്ദിയിലാണ് കുട്ടിയുമായി സംസാരിക്കുന്നത്.
സ്വന്തം നാടായ അസാമിനെ ലക്ഷ്യംവച്ചു തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കും തുടർന്ന് താംബരം - സാന്ദ്രഗച്ചി എക്സ്പ്രസിലേക്കും കയറിക്കൂടിയ അവളെ വിശാഖപട്ടണത്ത് വച്ച് മലയാളി അസോസിയേഷൻ പ്രവർത്തകരാണ് രക്ഷിച്ചത്. ഇന്നലെ ഏറ്റുവാങ്ങാൻ കേരള പൊലീസ് എത്തുമ്പോൾ, അസോസിയേഷൻ പ്രവർത്തകരായ എൻ.എം. പിള്ളയും എ.ആർ.ജി ഉണ്ണിത്താനുമടക്കമുള്ളവർ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടു ട്രെയിനുകൾ മാറിക്കയറി വിജയവാഡയിൽ നിന്നു കേരള പൊലീസ് വിശാഖപട്ടണത്തെത്താൻ വൈകിയിരുന്നു. മടക്കയാത്രയ്ക്ക് ഇന്ന് ഉച്ചയോടെ വിജയവാഡയിലേക്കും അവിടെനിന്നു രാത്രി പത്തുമണിയോടെ കേരളഎക്സ്പ്രസിൽ തിരുവനന്തപുരത്തേക്കുമുള്ളടിക്കറ്റാണ് ലഭിച്ചത്.കുട്ടിയെ കൈമാറാൻ കേരള സി.ഡബ്ലിയു.സിയുടെ കത്ത് സംരക്ഷണ കേന്ദ്രത്തിന് കൈമാറി നടപടികൾ പൂർത്തിയാക്കിയെങ്കിലും ഒരു ദിവസംകൂടി താമസിപ്പിക്കാൻ പ്രത്യേക അപേക്ഷ നൽകി. ഇന്ന് ഉച്ചയോടെ കുട്ടിയെ ഏറ്റുവാങ്ങി സംഘം പുറപ്പെടും. വിമാന ടിക്കറ്റ് എടുത്തുനൽകാമെന്ന് മലയാളി അസോസിയേഷൻ വാഗ്ദാനം ചെയ്തിരുന്നു.