മനുഷ്യക്കടത്തെന്ന് സംശയം; ചെറായിയിൽ 18അംഗ സംഘം ചോദ്യംചെയ്തു വിട്ടയച്ചു

Saturday 24 August 2024 2:55 AM IST

കൊച്ചി: എറണാകുളം മുനമ്പം കേന്ദ്രീകരിച്ച് വീണ്ടും മനുഷ്യക്കടത്തിന് ശ്രമമെന്ന സംശയത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 അംഗ സംഘത്തെ പൊലീസും വിവിധ അന്വേഷണ ഏജൻസികളും മണിക്കൂറോളം ചോദ്യംചെയ്തു. വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന ആന്ധ്രാപ്രദേശ് സ്വദേശികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ ഇവരെ രാത്രിയോടെ വിട്ടയച്ചതായി മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ പറഞ്ഞു. സംഘാംഗങ്ങളുടെ കൈവശം ആധാർ കാർഡ് ഉണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ബുധനാഴ്ച വൈകിട്ടാണ് ഇവർ ചെറായി ബീച്ചിലെ റിസോർട്ടിൽ എത്തിയത്.

നേരത്തെ ബോട്ടുമാർഗം ഓസ്‌ട്രേലിയയിലേക്ക് കടന്നവരിൽ ചിലർ ബന്ധുക്കളാണെന്ന തരത്തിലുള്ള ഇവരുടെ സംസാരത്തിൽ സംശയം തോന്നി റിസോർട്ട് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഐ.ബി, എൻ.ഐ.എ, തമിഴ്‌നാട് പൊലീസ്, പൊലീസ് തുടങ്ങിയ വിവിധ അന്വേഷണ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിരുന്നു. സംഘാംഗങ്ങളെ ഒറ്റയ്ക്കായും അല്ലാതെയുമായി ചോദ്യംചെയ്തു. ബാഗുകളും ഫോണുകളും പരിശോധിച്ചു.

ദക്ഷിണ കേരളത്തിലെ ക്ഷേത്രദർശനവുമായി എത്തിയതായിരുന്നു ഇവ‌ർ. തുടർന്നാണ് വിട്ടയച്ചത്.

2019 ജനുവരി 12ന് പുലർച്ചെ മുനമ്പം ഹാർബറിൽനിന്ന് ദയാ മാത എന്ന മത്സ്യബന്ധന ബോട്ടിലായിരുന്നു കേരളം ഞെട്ടിയ മനുഷ്യക്കടത്ത് നടന്നത്. ശ്രീലങ്കൻ അഭയാർത്ഥികളും തമിഴ് വംശജരും തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ അംബേദ്കർ കോളനിയിലുള്ളവരായിരുന്നു അന്ന് സംഘത്തിലുണ്ടായിരുന്നത്. മാല്യങ്കര കടവിൽ ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തെന്ന കാര്യംസ്ഥിരീകരിച്ചത്.

Advertisement
Advertisement