അവസാനം പെരേരയുടെ ബ്ലാസ്റ്റ്, ബ്ലാസ്റ്റേഴ്സ് തീർന്നു...
കൊൽക്കത്ത: ഡ്യൂറാൻഡ് കപ്പ് ക്വർട്ടറിന്റെ ഇഞ്ചുറി ടൈമിൽ ബംഗളൂരു എഫ്.സിയുടെ പെരേര ഡിയാസ് നേടിയ ഗോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾ തകർത്തു. ഇന്നലെ രാത്രി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് വേദിയാ ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് ബ്ലാസ്റ്റേഴ്സിനെ തകർത്ത് ബംഗളൂരു എഫ്.സി സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു.സെമിയിൽ മോഹൻ ബഗാൻ സൂപ്പർജയ്ന്റ്സാണ് ബംഗളൂരുവിന്റെ എതിരാളികൾ. ഇന്നലെ വൈകിട്ട് നടന്ന ക്വാർട്ടറിൽ പഞ്ചാബ് എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബഗാൻ സെമിയിൽ എത്തിയത്.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ തന്നെ ഗോൾ കീപ്പർ സോം കുമാർ പരിക്കേറ്റ് മടങ്ങിയതിനെ തുടർന്ന് സച്ചിനാണ് ബ്ലാസ്റ്റേഴ്സിന്റെ വലകാത്തത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം തന്നെയാണ ്കാഴ്ചവച്ചത്. ബാൾ പൊസിഷനിൽ പിന്നിലായിരുന്നെങ്കിലും ഗോളിലേക്ക് നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സ്താരങ്ങൾ തുറന്നെടുത്തു. പെപ്രയുടേയും നോഹ സദോയിയുടേയും ഗോളെന്നുറച്ച ഷോട്ടുകൾ ബംഗളൂരു ഗോളി ഗുർപ്രീത് മനോഹരമായി സേവ് ചെയ്ത് ബംഗളൂരുവിനെ രക്ഷിച്ചു.
രണ്ടാം പകുതിയിൽ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. മറുവശത്ത് പരിചയ സമ്പന്നനായ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛെത്രിയെ ബംഗളൂരുവും കൊണ്ടുവന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമും കരുതലോടെയാണ് കളിച്ചത്. തുടർന്ന് ബംഗളൂരു കളിയുടെ കടിഞ്ഞാൺ കൈയാളി. 65-ാം മിനിട്ടൽ പെരേരയുടെ തകർപ്പൻ ഷോട്ട് സച്ചിൻ തട്ടിയകറ്റി.രണ്ടാം പകുതിയുടെ അധിക സമയത്ത് മത്സരത്തിന്റെ95-ാം മിനിട്ടിലാണ് പെരേര തന്റെ മുൻ ക്ലബിനെ കണ്ണീരിലാഴ്ത്തി വലങ്കാലൻ സൈഡ് കിക്ക് വോളിയിലൂടെ വലകുലുക്കിയത്. ഗോൾ വീണ് തൊട്ടടുത്ത നിമിഷം ലോംഗ് വിസിലും മുഴങ്ങി.