"ഈ നടിമാർ എന്തിനാണ് കല്യാണം കഴിച്ച വ്യക്തിയുമായി അടുക്കാൻ പോകുന്നത്, ഭർത്താവ് വിട്ടുപോയാൽ സഹതാപ തരംഗവുമായി ചിലർ വരും"

Saturday 24 August 2024 3:24 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാകില്ലെന്ന് നടി ശ്രീലത നമ്പൂതിരി. പെൺകുട്ടികൾ സിനിമയിൽ വരുന്നതിനോട് എതിർപ്പുണ്ടായിരുന്ന സമയത്താണ് താൻ അഭിനയം തുടങ്ങിയതെന്ന് അവർ വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു ശ്രീലത നമ്പൂതിരി.

തന്റെ കതകിലൊന്നും ആരും മുട്ടി വിളിച്ചിട്ടില്ലെന്നും ശ്രീലത പറയുന്നു. 'ദൈവാധീനം കൊണ്ട് എന്റെ കതകിലൊന്നും ആരും മുട്ടിവിളിച്ചില്ല. അതെന്താ സംഭവമെന്ന് വച്ചാൽ സിനിമ ഞാൻ അന്വേഷിച്ചുപോയതല്ല. സിനിമ എന്നെ അന്വേഷിച്ച് വന്നതാണ്. എന്റെ അച്ഛന്റെ സഹോദരി പണ്ട് പ്രേം നസീറിന്റെ നായികയായിരുന്നു. പിന്നെ അവരുടെ ഭർത്താവ് സിനിമകൾ എടുത്തിരുന്നു. ഞാൻ കെ പി എ സിയിൽ അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്നെ വിളിച്ചു. എനിക്ക് താത്പര്യമില്ലായിരുന്നു. പിന്നെ അമ്മയൊക്കെ നിർബന്ധിച്ച് അങ്ങോട്ട് കൊണ്ടുപോയി. അടൂർ ഭാസി ചേട്ടന്റെ നായികയായിട്ടായിരുന്നു. ഞാൻ സമ്മതിച്ചില്ല. നമ്മുടെ സങ്കൽപത്തിൽ പ്രേം നസീറൊക്കെയാണല്ലോ.പിന്നെ കോമഡിയും. എനിക്ക് അറിയാൻ വയ്യ. അങ്ങനെ വേണ്ടെന്ന് വച്ച് തിരിച്ചുപോരാൻ നോക്കുമ്പോൾ വേറൊരു സിനിമ വന്നു. അതിൽ അഭിനയിച്ചു.'- ശ്രീലത നമ്പൂതിരി പറഞ്ഞു.


'ഈ ഹേമ കമ്മീഷൻ വന്നത് എന്തുകൊണ്ടാണ്? അതിജീവിതയുടെ ആ പ്രശ്നം വന്നതുകൊണ്ടല്ലേ. ഏഴ് വർഷമായി ആ സംഭവം നടന്നിട്ട്. ഇതുവരെ ആ നടിക്ക് നീതി കിട്ടിയില്ല. ഡബ്ല്യുസിസി നല്ലൊരു കാര്യമാണ്. അതുകൊണ്ട് കുറേക്കാര്യങ്ങളൊക്കെ അറിയുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ അവർ ശ്രമിക്കണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാകുമെന്ന് കരുതുന്നില്ല. കോടതിക്ക് തെളിവല്ലേ വേണ്ടത്. ഫോട്ടോസോ എന്തെങ്കിലുമൊക്കെ വേണ്ടേ. ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പറയുന്നു. എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? അവർ ആരെയാണ് പേടിക്കുന്നത്. നാലോ അഞ്ചോ വർഷം മുമ്പ് ഇവർ അനുഭവിച്ചെന്ന് പറയുന്നു. ഇവർ എന്തുകൊണ്ട് പുറത്തുപറഞ്ഞില്ല.

ഞാനൊരു കാര്യം ചോദിക്കട്ടേ, ഒരു പെൺകുട്ടി വഴങ്ങിയെന്ന് വിചാരിക്കുക. അവസരം കിട്ടുമെന്ന് എന്താണ് ഉറപ്പ്. പിന്നെന്തിനാണ്. അത് ധൈര്യത്തോടെ എല്ലാവരും പറയണമായിരുന്നു. എങ്കിൽ ഇങ്ങനെയൊരു പ്രശ്നം വരത്തില്ല. എന്നോട് ആരും അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല.


പഴയകാല നടിയുടെ ആത്മഹത്യയെപ്പറ്റിയും ശ്രീലത നമ്പൂതിരി വെളിപ്പെടുത്തി. ' അവരെന്തിന് ആത്മഹത്യ ചെയ്തു എന്നത് ഇന്നും ഒരു ദുരൂഹതയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവൾ. വളരെ നിഷ്‌കളങ്കയായ കുട്ടിയായിരുന്നു. മലയാളിയാണെങ്കിലും അവൾക്ക് മലയാളം അത്ര വശമില്ല. എന്തോ ഒരു ഗോസിപ്പ് വന്നപ്പോൾ അതിനെപ്പറ്റി മാദ്ധ്യമങ്ങൾ ഓരോന്ന് ചോദിക്കുമ്പോൾ അവർ പറയുന്ന മറുപടിയല്ല എഴുതുന്നത്. അന്ന് പ്രമുഖരായ രണ്ട് നിർമാതാക്കളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഒരു വ്യക്തിയുടെ പടത്തിൽ അഭിനയിച്ചപ്പോൾ അൽപം സെക്സിയായിട്ടായിരുന്നു. ഗോസിപ്പ് വന്നു. ഷൂട്ട് ചെയ്ത് ഇടരുതെന്ന് അവർ പറഞ്ഞു. അതിന്റെ പ്രശ്നങ്ങൾ വന്നു. മറ്റേ നിർമാതാവ് അത് മുതലെടുത്തു. ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ അവൾക്കുണ്ടായി.

അവൾ മരിക്കുന്ന ദിവസം ആ വീട്ടിൽ താമസിച്ചിരുന്ന ആരോ ഒരു കപ്പ് ചായ കൊടുത്തു. ആ ചായ കുടിച്ച ശേഷമാണ് അവർ മരിച്ചതെന്നാണ് പറയുന്നത്. അതൊരു ദുരൂഹതയാണ്. അവർക്ക് തമിഴിലെ ഒരു സംവിധായകന്റെ സഹോദരനെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു. അമ്മയ്ക്ക് എതിർപ്പായിരുന്നു. മരണത്തിന് മുമ്പ് അവൾക്കൊരു ഫോൺ കോൾ വന്നിരുന്നെന്ന് ആരോ പറഞ്ഞു. സംസാരിച്ച് ഫോൺ വച്ചു. ആരോ ചായ കൊടുത്തു, കുടിച്ചയുടൻ വീണെന്നാണ് പറയുന്നത്.'- ശ്രീലത നമ്പൂതിരി പറഞ്ഞു.


'പിന്നെ ഞാൻ വേറൊരു കാര്യം പറയാം. ഈ നടിമാർ എന്തിനാണ് കല്യാണം കഴിച്ച് കുട്ടികളൊക്കെയുള്ളവരുമായി അടുക്കാൻ പോകുന്നത്. അപ്പോൾ ആ സ്ത്രീയുടെ ജീവിതവും നശിച്ചു, ഈ സ്ത്രീയുടെ ജീവിതവും നശിച്ചു. അത് എന്ത് കാര്യത്തിനാണ്. ഒരു നടി കല്യാണം കഴിച്ച്, ഭർത്താവ് വിട്ടുപോകുകയോ മറ്റോ ചെയ്താൽ സഹതാപ തരംഗമായി ചിലർ അടുത്തുകൂടും. അതിൽ ഈ പെൺപിള്ളേർ വീണുപോകും. വീഴരുത് ഈ പിള്ളേർ. അങ്ങനെ വീണാൽ, അയാളുമായി ജീവിതം തുടങ്ങും. അവനൊരു കൊച്ചിനെയൊക്കെ കൊടുത്ത് അവൻ അവന്റെ പാട്ടിന് പോകും. സഹതാപ തരംഗമായി വരുന്നത് അവന്റെ ആവശ്യത്തിനാണെന്ന് വിചാരിക്കണം. അങ്ങനെ എത്രയോ പേരുടെ ജീവിതം നശിക്കുന്നു.'- അവർ വ്യക്തമാക്കി.

Advertisement
Advertisement