സി.ഒ.ടി നസീർ വധശ്രമം,​ ഷംസീർ എം.എൽ.എയുടെ ഇന്നോവ കസ്റ്റഡിയിൽ

Saturday 03 August 2019 1:28 PM IST

കണ്ണൂർ: വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തലശേരി എം.എൽ.എയും സി.പി.എം നേതാവുമായ എ.എൻ ഷംസീറിന്റെ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷംസീറിന്റെ എം.എൽ.എ ബോർഡ് വച്ച ഇന്നോവ കാറാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ അറസ്റ്റിലായ പ്രതികൾ ഗൂഢാലോചന നടത്തിയത് ഈ കാറിലാണെന്നതിനെ തുടർന്നാണ് പൊലീസ് നടപടി.

കേസിൽ നേരത്തെ അറസ്റ്റിലായ എൻ.കെ രാഗേഷും പൊട്ടിയൻ സന്തോഷും ആക്രമണം ആസൂത്രണം ചെയ്തത് തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിന്റെ വാഹനത്തിൽ വച്ചാണെന്നാണ് സി.ഒ.ടി നസീർ ആരോപിച്ചിരുന്നു. കൂടാതെ അറസ്റ്റിലായ പ്രതികളും സമ്മതിച്ചിരുന്നു ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന്. എം.എൽ.എ ബോർഡ് വച്ച KL7 CD 6887 എന്ന നമ്പറിലുള്ള ഇന്നോവ കാറാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.