'നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം, പരാതി തന്നാൽ നിയമനടപടി ഉണ്ടാവും'; എം ബി രാജേഷ്
കോട്ടയം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. രണ്ട് കൂട്ടരുടെയും അഭിപ്രായങ്ങൾ മാത്രമാണ് വന്നത്. പരാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പരാതി തന്നാൽ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാനുസൃതം ഉള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, രഞ്ജിത്തിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തത്തി. രഞ്ജിത്ത് ഉടൻ തന്നെ രാജി വയ്ക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ എഫ്.ഐ.ആർ ഇട്ട് കേസെടുക്കണം. ഇടത് ആഭിമുഖ്യമുള്ള, പിണറായിയെ പുകഴ്‌ത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം കൈക്കൊള്ളുന്നത് എന്ന് ഫിറോസ് ആരോപിച്ചു. സ്ത്രീ പീഡകർക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്‌ത്തി വച്ചത് സർക്കാരിന്റെ ഭാഗമായ സിനിമാക്കാരുടെ താത്പര്യം കൊണ്ടാണെന്നും ഫിറോസ് പറഞ്ഞു.
രഞ്ജിത്തിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കട്ടെ എന്ന് നടനും എം.എൽ.എയുമായ എം.മുകേഷും പറഞ്ഞു. അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ മുഖത്ത് നോക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നവർ കേസ് ഇല്ലെന്ന് പറയുകയാണെങ്കിൽ എന്താവും സ്ഥിതിയെന്നും മുകേഷ് ചോദിച്ചു.അമ്മ സംഘടനയിലെ കാര്യങ്ങൾ അതിന്റെ ഭാരവാഹികൾ പറയും. താൻ ഇപ്പോൾ ഭാരവാഹി അല്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റി അവർ വരും. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാർഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങൾ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു