മൂവാണ്ടൻ മുതൽ മിയാസാക്കി വരെ ഒരു മാവിൽ 50 ഇനം മാമ്പഴങ്ങൾ,​ ഒരു വർഷം മുഴുവൻ വിളവെടുക്കാം,​ 71കാരന്റെ വിജയരഹസ്യമിതാണ്

Sunday 25 August 2024 12:53 AM IST

വൈപ്പിൻ: ഒരു മാവിൻ തൈയിൽ 50 ഇനം മാമ്പഴങ്ങൾ വരെ വിളയിച്ച് ടി.എസ്. പ്രസാദ്. മൽഗോവയിൽ മൂവാണ്ടൻ മുതൽ മിയാസാക്കി വരെ പ്രസാദ് വച്ച് പിടിപ്പിക്കുന്നുണ്ട്. മാവിൽ മുപ്പതിലേറെ ഇനങ്ങൾ കായ്ച്ചു കഴിഞ്ഞു. അതിനാൽ ഒരു മാവിൽ നിന്ന് ഒരു വർഷം മുഴുവൻ മാങ്ങ വിളവെടുക്കാനാകും.

ആദ്യകാലങ്ങളിൽ കൃഷിയിൽ വലിയ താത്പര്യമില്ലായിരുന്നെങ്കിലും ഗ്രാഫ്റ്റിംഗ് പരീക്ഷണങ്ങൾ കൃഷിയിലെത്തിക്കുകയായിരുന്നു. മറ്റുള്ളവരുടെ പ്രോത്സാഹനം ഏറിയപ്പോൾ മറ്റു ജോലികൾ ഉപേക്ഷിച്ച് ഗ്രാഫ്റ്റിംഗിൽ പരീക്ഷണങ്ങൾ തുടർന്നു. ആവശ്യക്കാരുടെ ഇഷ്ടാനുസരണം മൂന്നോ നാലോ മാവിനങ്ങൾ ഒരു മാവിൽ ഒട്ടിച്ച് നൽകും. നാരകം, അഡീനിയ എന്നിവയിൽ ഗ്രാഫറ്റിംഗ് നടത്തി വിജയിച്ചു.


റോസാപ്പൂവിൽ നിന്ന് തുടക്കം


കാൽ നൂറ്റാണ്ട് മുമ്പ് റോസാപ്പൂവിലായിരുന്നു ആദ്യ ഗ്രാഫ്റ്റിംഗ്. ഓർഡർ ലഭിക്കുന്നതനുസരിച്ച് തുണികൾ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്നതിനിടയിൽ നാട്ടിലെ ഹോമിയോ ഡോക്ടറായ രാജഗോപാലിന്റെ വീട്ടുമുറ്റത്ത് ഒരു ചെടിയിൽ രണ്ട് നിറങ്ങളിൽ റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ രഹസ്യം തേടി പലരെയും സമീപിച്ചു. കാർഷിക സർവകലാശാലയിൽ ജോലി ചെയ്യുന്ന സ്ത്രീയാണ് ഗ്രാഫ്റ്റിംഗ് രീതി പറ‌ഞ്ഞുകൊടുത്തു. രണ്ട് നിറത്തിൽ റോസ് വിരിയിച്ചെടുത്തതോടെ കൂടുതൽ പരീക്ഷണങ്ങൾ നടത്തി 28 വ്യത്യസ്ത ചെടികൾ വരെ വികസിച്ചെടുത്തു.


മാമ്പഴത്തിലേക്ക് മാറ്റം


ചെറുപ്പം മുതലേ മാമ്പഴത്തോട് പ്രിയമുണ്ടായിരുന്നു. പൂച്ചെടികളിലെ ഗ്രാഫ്റ്റിംഗ് മാവിലേക്ക് മാറാൻ തുടങ്ങി. മാമ്പഴകൂട്ടത്തിലെ പ്രധാനിയായ മൽഗോവ തന്റെ എട്ടുസെന്റ് പുരയിടത്തിൽ നട്ടിരുന്നു. ഇതിൽ ഹിമാപ്രസാദ് ഗ്രാഫ്റ്റ് ചെയ്ത് കൊണ്ടായിരുന്നു തുടക്കം. പിന്നീട് പ്രിയോർ, അൽഫോൻസ, ജഹാംഗീർ, സിന്ദൂരം, കാലാപാടി, മൂവാണ്ടൻ, ചിയാസാക്കി തുടങ്ങി 50 ഇനം മാവുകളുടെ കമ്പുകൾ വരെ പിടിപ്പിച്ചു. ഏറ്റവും ഒടുവിൽ ഒട്ടിച്ചത് ലോകപ്രശസ്തമായ മിയാസാക്കിയാണ്.


എറണാകുളം ജില്ലയിലെ ചെറായി ഗൗരീശ്വരത്താണ് വീട്. ഭാര്യ സുലേഖയും മക്കളായ രൂപയും (അദ്ധ്യാപിക ഗവ. എൽ.പി.സ്‌കൂൾ വാവക്കാട്) അരുണും (ഫോറസ്റ്റ് ഓഫീസ്, ഇടപ്പള്ളി) പിന്തുണയുമായുണ്ട്.
ചെറായി ഗൗരീശ്വരത്തെ സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ഏഴുപത്തൊന്നുകാരനായ പ്രസാദിനെ ആദരിച്ചു.

Advertisement
Advertisement