ഓണത്തിന് പച്ചക്കറി വില ഉയർന്നാലും കീശ കാലിയാവില്ല,​ സാധാരണക്കാരുടെ നടുവൊടിയാതിരിക്കാൻ നടപടി

Sunday 25 August 2024 1:03 AM IST

കോഴിക്കോട്: ഓണത്തിന് സാധാരണക്കാരുടെ നടുവൊടിയാതിരിക്കാൻ വിപണി ഇടപെടലുമായി ഹോർട്ടികോർപ്പ്. കുതിച്ചുയരുന്ന പച്ചക്കറിവില പിടിച്ചുകെട്ടാൻ ജില്ലയിൽ 155 ചന്തകൾ തുടങ്ങും. പച്ചക്കറികൾ സബ്സിഡി വിലയിൽ ലഭ്യമാക്കും. നിലവിൽ ജില്ലയിലുള്ള ഹോർട്ടികോർപ്പിന്റെ 10 സ്റ്റാളുകളിലും ചന്തകൾ ഒരുക്കും. സെപ്തംബർ 11 മുതൽ ഫെയറുകൾ സജീവമാകും.

കൃഷിയിടങ്ങളിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് സംഭരിക്കുന്ന നാടൻ പഴങ്ങളും പച്ചക്കറികളുമാണ് പൊതുജനങ്ങൾക്ക് പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത്. ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ പത്തുശതമാനം അധികം നൽകിയാണ് സംഭരിക്കുന്നത്. നാടൻ പച്ചക്കറിയുടെ ക്ഷാമം കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിക്കുന്നുണ്ട്. നിലവിൽ പച്ചക്കറി വില കുറഞ്ഞെങ്കിലും ഓണം അടുക്കുന്നതോടെ കുതിച്ചുയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കിയെങ്കിലും വിവിധ ഓണ ഫെയറുകൾ പ്രവർത്തിക്കും.

സപ്ലൈകോയുടെ 14 ചന്തകൾ

സപ്ലൈകോയുടെ നേതൃത്വത്തിൽ 14 ഓണച്ചന്തകളാണ് ഒരുങ്ങുന്നത്. ജില്ലാതല ഓണച്ചന്ത സ്റ്രേഡിയം ജംഗ്ഷന് സമീപം 6ന് ആരംഭിക്കും. താലൂക്ക് തലം, നിയമസഭാമണ്ഡലം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഫെയറുകൾ 10 മുതലാണ് ആരംഭിക്കുക. ഇതിനു പുറമെ സപ്ലൈകോ മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്രത്യേക ഫെയറുകൾ ഒരുക്കിയിട്ടുണ്ട്. സബ്സിഡി ഇനങ്ങളും നോൺ സബ്സിഡി ഇനങ്ങളും ചന്തകളിൽ ലഭിക്കും.

ആകെ ചന്തകൾ- 155

ഹോർട്ടികോർപ്പ്- 68

വി.എഫ്.പി.സി.കെ- 6

കൃഷിവകുപ്പ്- 81

പച്ചക്കറിക്ക് നിലവിൽ വില കുറവാണെങ്കിലും ഓണമാകുന്നതോടെ ഉയരും. ഇത് മുൻകൂട്ടി കണ്ട് പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സാദ്ധ്യമായ നടപടികൾ ഹോർട്ടികോർപ്പ് സ്വീകരിച്ചിട്ടുണ്ട്.

- സബീന, ജില്ലാ മാനേജർ, ഹോർട്ടികോർപ്പ്

Advertisement
Advertisement