യുണൈറ്റഡിനെ ഇരുട്ടിലാക്കി ബ്രൈറ്റൺ
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന നിമിഷംജാവോ പെഡ്രോ നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് വീഴ്ത്തി ബ്രൈറ്റണിന് സീസണിലെ തുടർച്ചയായ രണ്ടാം ജയം.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് (90+5) പെഡ്രോ ബ്രൈറ്റണിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. 32-ാംമിനിട്ടിൽ ഡാനി വെൽബാക്കിലൂടെ ബ്രൈറ്റണാണ് ലീഡെടുത്തത്. വെൽബാക്കിന്റെ കരിയറിലെ 100-ാം ഗോളായിരുന്നു ഇത്.
60-ാം മിനിട്ടിൽ അമാദ് ഡിയാല്ലൊ യുണൈറ്റഡിന് സമനില സമ്മാനിച്ചു. അതേസമയം യുണൈറ്റഡിന്റെ റാഷ്ഫോർഡും ഗർനാച്ചോയും ബ്രൈറ്റണിന്റെ വലകുലുക്കിയെങ്കിലും ഓഫ് സൈഡായതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
ഹാളണ്ടിന്
ഹാട്രിക്ക്
ഗോളടിയന്ത്രം ഏർലിംഗ് ഹാളണ്ടിന്റെ ഹാട്രിക്ക് മികവിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 4-1ന് ഇപ്സിച്ച് ടൗണിനെ കീഴടക്കി. ഡിബ്രൂയിനെയും സിറ്റിയ്ക്കായി ലക്ഷ്യം കണ്ടു.
7-ാം മിനിട്ടിൽ സ്മോഡിക്സിലൂടെ ഇപ്സിച്ചാണ് ആദ്യം ലീഡെടുത്തത്. മറ്റ് മത്സരങ്ങളിൽ ആഴ്സനൽ 2-0ത്തിന് വൂൾവ്സ്സിനെയും ടോട്ടനം 4-0ത്തിന് എവർട്ടണിനെയും കീഴടക്കി.