ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങി പാകിസ്ഥാന്‍, സ്വന്തം നാട്ടിലെ വീഴ്ച വിശ്വസിക്കാനാകാതെ ആരാധകര്‍

Sunday 25 August 2024 6:51 PM IST
പാകിസ്ഥാനെതിരെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദം | PHOTO: facebook.com/bcbtigercricket

റാവല്‍പിണ്ടി: 'മഴ പെയ്താല്‍ ബംഗ്ലാദേശിന് തോല്‍ക്കാതെ രക്ഷപ്പെടാം', രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മുന്‍ പാകിസ്ഥാന്‍ താരം ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് ഇങ്ങനെയാണ്. റാവല്‍പിണ്ടിയില്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം മഴ പെയ്തു. പക്ഷേ അഞ്ചാം ദിവസം ബംഗ്ലാദേശ് തിരിച്ചുകയറിയത് പാകിസ്ഥാനെ അവരുടെ നാട്ടില്‍ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച ശേഷമായിരുന്നു. തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനം നേരിടുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒന്നടങ്കം. ഫോര്‍മാറ്റ് മാറുന്നുവെന്നല്ലാതെ പാകിസ്ഥാന്‍ ടീമിന് ഒരു മാറ്റവുമില്ലാത്തതില്‍ കടുത്ത രോഷത്തിലാണ് ആരാധകരും.

സ്‌കോര്‍: പാകിസ്ഥാന്‍: 448-6 ഡിക്ലയര്‍ഡ്, 146-10, ബംഗ്ലാദേശ്: 565-10, 30-0

ആദ്യ ഇന്നിംഗ്‌സില്‍ 448 റണ്‍സ് നേടിയ പാകിസ്ഥാന്‍ തങ്ങളുടെ ബൗളിംഗ് നിരയുടെ കരുത്തില്‍ വിശ്വസിച്ചാണ് ഡിക്ലയര്‍ ചെയ്തത്. എന്നാല്‍ വെറ്ററന്‍ താരം മുഷ്ഫിഖ്വര്‍ റഹിം (191), ഷദ്മാന്‍ ഇസ്ലാം (93), ലിറ്റണ്‍ ദാസ് (56), മെഹ്ദി ഹസന്‍ മിറാസ് (77) എന്നിവരുടെ കരുത്തില്‍ തിരിച്ചടിച്ചത് 565 റണ്‍സ്. നാലാം ദിനം 117 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ബംഗ്ലാ കടുവകള്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാനെ വെറും 146 റണ്‍സിന് എറിഞ്ഞിട്ടു.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഒരു സ്പിന്നറെ പോലും ഉള്‍പ്പെടുത്താതെ കളത്തിലിറങ്ങിയ പാകിസ്ഥാന് ബംഗ്ലാദേശി സ്പിന്നര്‍മാര്‍ തങ്ങളുടെ ബാറ്റര്‍മാരെ കറക്കി വീഴ്ത്തുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി (171*) നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങിയത്. 51 റണ്‍സാണ് താരം രണ്ടാം ഇന്നിംഗ്‌സില്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ 141 റണ്‍സ് നേടിയ സൗദ് ഷക്കീല്‍ (0) രണ്ടാം വരവില്‍ നിരാശപ്പെടുത്തി.

അബ്ദുള്ള ഷഫീഖ് (37), സയീം അയൂബ് (1), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (14), ബാബര്‍ അസം (22) എന്നിവരുള്‍പ്പെടുന്ന മുന്‍നിര പരാജയപ്പെട്ടപ്പോള്‍ തന്നെ പാകിസ്ഥാന്‍ അപകടം മണത്തു. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന്‍ മിറാസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷക്കീബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാഹിദ് റാണ, ഹസന്‍ മഹ്മൂദ്, ഷൊറിഫുള്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി (1-0).