അമ്മ ജനറൽ സെക്രട്ടറി, സിദ്ദിഖിന് പകരം ബാബുരാജ്
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യുട്ടീവ് യോഗം നാളെയോ മറ്റന്നാളോ ചേർന്നേക്കും. സിദ്ദിഖ് രാജിവച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറിയുടെ ചുമതല ജോയിന്റ് സെക്രട്ടറി ബാബുരാജിന് നൽകിയേക്കും. ഇന്നലെ അമ്മ ഭാരവാഹികൾ നടത്തിയ കൂടിയാലോചനയിലാണിത്. എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് മോഹൻലാലും പങ്കെടുക്കും.
അതിനിടെ സിദ്ദിഖിന്റെ രാജിക്കത്ത് പുറത്തുവന്നു. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഞാൻ സ്വമേധയാ രാജി വയ്ക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ' എന്നാണ് പ്രസിഡന്റ് മോഹൻലാലിന് നൽകിയ കത്തിൽ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ യോഗങ്ങൾ 31ന് ആരംഭിക്കും. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന 21 ട്രേഡ് യൂണിയൻ സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്ക. മൂന്നു സംഘടനകളുടെ വീതം എക്സിക്യുട്ടീവ് കമ്മിറ്റികളാണ് ചേരുക.