പാകിസ്ഥാൻ തരിപ്പണമായി, ചരിത്രമെഴുതി ബംഗ്ളാദേശ്
ചരിത്രത്തിലാദ്യമായി പാകിസ്ഥാനെ ടെസ്റ്റിൽ തോൽപ്പിച്ച് ബംഗ്ളാദേശ്
റാവൽപിണ്ടി ടെസ്റ്റിൽ ബംഗ്ളാദേശിന്റെ ജയം പത്തുവിക്കറ്റിന്
റാവൽപിണ്ടി : പാകിസ്ഥാന്റെ തട്ടകത്തിൽ ചെന്ന് അവരെ ആദ്യമായി ടെസ്റ്റിൽ കീഴടക്കി ചരിത്രമെഴുതി ബംഗ്ളാദേശ് ക്രിക്കറ്റ് ടീം. റാവൽ പിണ്ടിയിൽ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ പത്തുവിക്കറ്റിനാണ് ബംഗ്ളാദേശിന്റെ വിജയം. നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ നേടിയെടുത്താണ് നജ്മുൽ ഹസൻ ഷാന്റോ നയിച്ച ബംഗ്ളാദേശ് ചരിത്രമെഴുതിയത്.
ബംഗ്ളാദേശിനെ ദുർബലരായി കണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 448/6 എന്ന സ്കോറിന് ഡിക്ളയർ ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാന് ദാരുണമായ തോൽവി ഏറ്റു വാങ്ങേണ്ടിവന്നത്. ബംഗ്ളാദേശ് ആദ്യ ഇന്നിംഗ്സിൽ 565 റൺസടിച്ചതാണ് വഴിത്തിരിവായത്. 117 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 146 റൺസിന് ആൾഔട്ടാവുകകൂടി ചെയ്തതോടെ കളി ബംഗ്ളാദേശിന്റെ കയ്യിലായി. രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ ബംഗ്ളാദേശിന് ആറര ഓവറേ ബാറ്റുചെയ്യേണ്ടിവന്നുള്ളൂ.
ആദ്യ ഇന്നിംഗ്സിൽ ബംഗ്ളാദേശിന് വേണ്ടി 191 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹിമാണ് മാൻ ഒഫ് ദ മാച്ച്. ഇതോടെ രണ്ട് മത്സര പരമ്പരയിൽ ബംഗ്ളാദേശ് 1-0ത്തിന് മുന്നിലെത്തി.രണ്ടാം ടെസ്റ്റ് ഈ മാസം 30ന് ഇതേ വേദിയിൽ ആരംഭിക്കും.
ബംഗ്ളാ വിജയം ഇങ്ങനെ
1. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 448/6 സ്കോറിലെത്തിയപ്പോൾ ആദ്യ ഇന്നിംഗ്സിൽ ഡിക്ളയർ ചെയ്തു. 171 റൺസുമായി വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ക്രീസിൽ നിൽക്കുമ്പോഴായിരുന്നു ഡിക്ളയറിംഗ്. സൗദ് ഷക്കീൽ(141), സലിം അയൂബ് (56) എന്നിവരും പാകിസ്ഥാന് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
2. മറുപടിക്കിറങ്ങിയ ബംഗ്ളാദേശ് 565 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ അടിച്ചുകൂട്ടിയത്. മുഷ്ഫിഖുർ റഹിം (191), ഷദ്‌മാൻ ഇസ്ളാം (93),മെഹ്‌ദി ഹസൻ മിറാസ് (77), ലിട്ടൺ ദാസ് (56), മോമിനുൽ ഹഖ് (50) എന്നിവരുടെ ബാറ്റിംഗാണ് അവരെ 117 റൺസ് ലീഡിലേക്ക് ഉയർത്തിയത്.
3, ഇതോടെ മാനസികമായി തകർന്ന പാകിസ്ഥാൻ താരങ്ങൾ രണ്ടാം ഇന്നിംഗ്സിൽ വെറും 146 റൺസിന് ആൾഔട്ടായി. നാലുവിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് ഹസനും ചേർന്നാണ് പാകിസ്ഥാനെ തകർത്തത്. 51 റൺസടിച്ച റിസ്‌വാനും 37 റൺസടിച്ച അബ്ദുള്ള ഷഫീഖിനുമാണ് അൽപ്പമെങ്കിലും പിടിച്ചുനൽകാനായത്.
4. അവസാന ഇന്നിംഗ്സിൽ വെറും 30 റൺസ് മാത്രമായിരുന്ന വിജയലക്ഷ്യം ഓപ്പണർമാരായ സാക്കിർ ഹസനും (15*), ഷദ്‌മാൻ ഇസ്ളാമും (9*) ചേർന്ന് 6.3 ഓവറിൽ നേടിയെടുത്തു.
14
ടെസ്റ്റുകളിൽ ആദ്യമായാണ് ബംഗ്ളാദേശ് പാകിസ്ഥാനെ തോൽപ്പിക്കുന്നത്.
7
വിദേശമണ്ണിൽ ബംഗ്ളാദേശ് നേടുന്ന ഏഴാമത്തെ ടെസ്റ്റ് വിജയം.
2022
ൽ മൗണ്ട് മൗംഗാനൂയിയിൽ കിവീസിനെതിരെയാണ് ഇതിന് മുമ്പ് എവേ ടെസ്റ്റിൽ ബംഗ്ളാദേശ് ജയിച്ചത്.
9
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ ഒൻപതെണ്ണത്തിനെതിരെയും ബംഗ്ളാദേശ് വിജയം കുറിച്ചിരിക്കുന്നു. ഇനി കീഴടക്കാനുള്ളത് ഇന്ത്യയേയും ദക്ഷിണാഫ്രിക്കയേയും മാത്രം.
9
തുടർച്ചയായി 9 ഹോംടെസ്റ്റുകളിലാണ് പാകിസ്ഥാന് വിജയിക്കാൻ കഴിയാതെ വരുന്നത്.
ഡ്രസിംഗ് റൂമിൽ തർക്കം
ടീം തോൽവിയിലേക്ക് നീങ്ങുന്നതിനിടെ പാകിസ്ഥാൻ ഡ്രെസിംഗ് റൂമിൽ നായകൻ ഷാൻ മസൂദും കോച്ച് ജാസൺ ഗില്ലസ്പിയും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായത് ആതിഥേയർക്ക് നാണക്കേടായി. ഈ വർഷം ഏപ്രിലിലാണ് ഓസ്ട്രേലിയക്കാരനായ ഗില്ലസ്പിയെ പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ കോച്ചായി നിയോഗിച്ചത്.