ഹൈബ്രിഡ് കാറുകൾക്ക് പ്രിയമേറുന്നു

Tuesday 27 August 2024 12:17 AM IST

കൊച്ചി: മൈലേജിനൊപ്പം കരുത്തും പ്രതീക്ഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വിപണിയിൽ ഏറിയതോടെ ഹൈബ്രിഡ് കാറുകൾക്ക് പ്രിയമേറുന്നു. ഇതോടെ പുതിയ ഹൈബ്രിഡ് കാറുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കൾ. വൈദ്യുതി വാഹനങ്ങളേക്കാൾ വിശ്വാസ്യത ഹൈബ്രിഡ് വാഹനങ്ങൾക്ക് ലഭിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈർഡർ, ടോയോട്ട ഇന്നോവയുടെ ഹൈക്രോസ്, ഹോണ്ട സിറ്റി എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത്. ചാർജിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യത്തിനില്ലാത്തതിനാലാണ് ഉപഭോക്താക്കൾ ഹൈബ്രിഡ് കാറുകളോട് താത്പര്യം പ്രകടിപ്പിക്കുന്നത്.

ഹൈബ്രിഡ് കാറുകൾക്ക് മികച്ച വാങ്ങൽ താത്പര്യം ലഭിക്കുന്നതിനാൽ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

പ്രധാന ഹൈബ്രിഡ് മോഡലുകൾ

മാരുതി സ്വിഫ്‌റ്റ്

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്‌റ്റിന്റെ ഹൈബ്രിഡ് മോഡലാണ് ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മികച്ച സ്പോർട്ടി ഡിസൈനാണ് സ്വിഫ്റ്റിനെ ആകർഷണീയമാക്കുന്നത്. പത്ത് ലക്ഷത്തിനടുത്ത് വിലയുള്ള കാറുകളിൽ മികച്ച ഇന്ധന ക്ഷമതയും കരുത്തും സ്വിഫ്റ്റ് പ്രദാനം ചെയ്യുന്നു. 1197 സിസി എൻജിനും 118 എൻ.എം ടോർക്കുമാണ് വലിയ ആകർഷണം.

ടൊയോട്ട ഇന്നോവ ഹൈക്രോസ്

മൾട്ടി പർപ്പസ് വാഹന വിപണിയിൽ വിപ്ളവകരമായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയിൽ അവതരിപ്പിക്കുന്നത്. സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഡിസൈനും ഇലക്ട്രിക് വാഹനത്തിന്റെ സാങ്കേതിക സംവിധാനങ്ങളുമുള്ള ഇന്നോവ ഹൈക്രോസ് ഉപഭോക്താക്കളുടെ വിപുലമായ ആഗ്രഹങ്ങൾക്ക് സംതൃപ്തി നൽകുന്നു. 2.0 ലിറ്റർ ഗാസോലിൻ എൻജിനും അത്യന്താധുനിക അഞ്ചാം തലമുറ ഇലക്ട്രിക് സംവിധാനങ്ങളും ടൊയോട്ട ഹൈക്രോസിനെ മികച്ച ഹൈബ്രിഡ് വാഹനമാക്കി മാറ്റുന്നു.

നിസാൻ എക്സ് ട്രെയിൽ

ഹൈബ്രിഡ് സംവിധാനങ്ങളുമായി ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്ന നിസാൻ എക്സ് ട്രെയിൽ ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷ സൃഷ്ടിക്കുന്നു. മികച്ച സ്ഥല സൗകര്യമുള്ള വിശാലമായ നിസാൻ എക്‌സ് ട്രെയിൽ കുടുംബങ്ങൾക്ക് ഏറ്റവും യോജിച്ച കാറാണെന്നാണ് വിലയിരുത്തുന്നത്. പരസ്ഥിതി സൗഹ്യദ സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ എക്സ് ട്രെയിലിന്റെ വില 40 ലക്ഷം രൂപയ്ക്കടുത്താണ്.

Advertisement
Advertisement