ഒരു വർഷത്തിനിടെ 5000 സൂപ്പർ ഓട്ടോകളുമായി മോൺട്ര ഇലക്ട്രിക്
കൊച്ചി: 123 വർഷത്തെ പാരമ്പര്യമുള്ള മുരുഗപ്പ ഗ്രൂപ്പിൽ നിന്നുള്ള അത്യാധുനിക ഇ.വി ബ്രാൻഡായ മോൺട്ര ഇലക്ട്രിക്, ഒരു വർഷത്തിനിടെ 5000 സൂപ്പർ ഓട്ടോകൾ ഡെലിവറി ചെയ്ത് സുപ്രധാന നേട്ടം കൈവരിച്ചു. 5000-ാമത് ത്രീ-വീലർ പാസഞ്ചർ ഓട്ടോ കഴിഞ്ഞ ദിവസം ഡെലിവറി ചെയ്തു. കേവലം ഒരു വർഷത്തിനുള്ളിൽ 17 സംസ്ഥാനങ്ങളിലായി 74 വിപണികളിലെ ഉപഭോക്താക്കൾക്കാണ് 5000 സൂപ്പർ ഓട്ടോകൾ ഡെലിവറി ചെയ്തത്. ഈ നേട്ടത്തോടെ വിപണിയിൽ ശക്തമായ ചുവടുവെപ്പിനും മോൺട്ര ഇലക്ട്രിക്കിന് സാധിച്ചു. ബ്രാൻഡിന്റെ ദ്രുതഗതിയിലുള്ള വളർച്ചയുടെയും, അത്യാധുനിക ഇലക്ട്രിക് ത്രീ-വീലറിന്റെ സ്വീകാര്യതയുടെയും തെളിവായി ഈ സുപ്രധാന നേട്ടം മാറി.
രൂപകൽപ്പനയിലും പ്രകടനത്തിലും മികച്ച ഫീച്ചറുകളുമായി സൂപ്പർ ഓട്ടോ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ചാണ് മോൺട്ര ഇലക്ട്രിക് സൂപ്പർ ഓട്ടോ വിപണിയിലെത്തിയത്. 203 കി.മീ റേഞ്ചാണ് സൂപ്പർ ഓട്ടോ വാഗ്ദാനം ചെയ്യുന്നത്. ഈ വിഭാഗത്തിൽ ആദ്യമായി മൾട്ടി-ഡ്രൈവ് മോഡുകളും നഗര ട്രാഫിക്കിൽ തടസങ്ങളില്ലാതെ വാഹനം കൈകാര്യം ചെയ്യുന്നതിന് പാര്‍ക്ക് അസിസ്റ്റ് മോഡും സൂപ്പർ ഓട്ടോയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിപണിയിൽ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളിൽ 5000 സൂപ്പർ ഓട്ടോകൾ എത്തിക്കുകയെന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചതിൽ അഭിമാനമുണ്ടെന്ന് മോൺട്ര ഇലക്ട്രിക് ത്രീവീലര്‍ ബിസിനസ് ഹെഡ് റോയ് കുര്യൻ പറഞ്ഞു.