മലയാളിയെ ലക്ഷ്യമിട്ട് ഈ സാധനങ്ങൾ വരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്,​ ശ്രദ്ധിച്ചാൽ അബദ്ധം പറ്റാതെ രക്ഷപ്പെടാം

Monday 26 August 2024 12:45 AM IST

തഴവ: ഓണാഘോഷം ലക്ഷ്യമിട്ട് വിപണി സജീവമായതോടെ നിലവാരം കുറഞ്ഞ ഭക്ഷ്യസാധനങ്ങളുടെ വിപണനവും വ‌ർദ്ധിച്ചു. അവ നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. വിവിധ രൂപങ്ങളിലും നിറങ്ങളിലുമായി വറ്റലുകൾ ,പലഹാരങ്ങൾ, മിക്സ്ചറുകൾ എന്നിവ ഇപ്പോൾ വിപണികളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇവയിൽ പകുതിയിലേറെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നവയും ബാക്കിയുള്ളവ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി അവിടെ തയ്യാറാക്കുന്നവയുമാണ്.

എന്നാൽ പുറത്തു നിന്നെത്തിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനോ , തദ്ദേശീയമായി പ്രവർത്തിക്കുന്ന അനധികൃത ഭക്ഷ്യോത്പാദക വിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാനോ കാര്യക്ഷമമായ യാതൊരു നടപടികളും സ്വീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

  • വൻകിട കച്ചവട സ്ഥാപനങ്ങൾ കാലപ്പഴക്കത്താൽ ഒഴിവാക്കുന്ന പൊടികൾ ഗുരുതരമായ അനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന എണ്ണകൾ എന്നിവ ഉപയോഗിച്ചാണ് പല അനധികൃത യൂണിറ്റുകളും പലഹാരങ്ങൾ ഉണ്ടാക്കുന്നത്.
  • വർക്ക് ഷോപ്പുകൾ, ഷോറും സർവീസ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് പുറം തള്ളുന്ന ഓയിലുകൾ ചെറിയ വിലയ്ക്ക് വാങ്ങി വിവിധ രാസ നടപടികളിലൂടെ നിറം മാറ്റിയെടുക്കുന്ന എണ്ണകൾ വിപണികളിൽ സജീവമാണെന്ന പരാതിയുമുണ്ട്.
  • ഭക്ഷ്യ എണ്ണയുടെ നാലിലൊന്ന് വിലയ്ക്ക് ലഭിക്കുന്ന എണ്ണകളാണ് അനധികൃത പലഹാര നിർമ്മാതാക്കൾ ഉപയോഗിച്ച് വരുന്നത്.
  • കൂടാതെ മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നുണ്ടാക്കുന്ന ഓയിലുകളും കരിഞ്ചന്തയിൽ സുലഭമാണെന്നും പരാതിയുണ്ട്.

കുടുംബശ്രീ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കണം

പലഹാര നിർമ്മാണം ,പാക്കിംഗ് ഉൾപ്പടെയുള്ള ജോലികളിൽ പ്രാവിണ്യം തെളിയിച്ചിട്ടുള്ള നിരവധി കുടുംബശ്രീ യൂണിറ്റ് അംഗങ്ങളാണ് വിവിധ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ നിലവിൽ തൊഴിൽ രഹിതരായി തുടരുന്നത്. ഇവർക്ക് സ്ഥിരം യൂണിറ്റുകൾ തുടങ്ങുന്നതിനോ , വിശ്വാസ്യയോഗ്യമായ രീതിയിൽ ബ്രാൻഡിംഗ് നടത്തുന്നതിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാളിത് വരെ യാതൊരു പിന്തുണയും നൽകുന്നില്ല. പരമ്പരാഗത തൊഴിൽ മേഖലകളിൽ തൊഴിൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിപണിക്ക് അനുസൃതമായ രീതിയിൽ ഉത്പ്പാദന മേഖലകളെ സജീവമാക്കണമെന്ന ആവശ്യം ഏറെ ശക്തമായിരിക്കുകയാണ്.

Advertisement
Advertisement