സിനിമ കോൺക്ളേവ് നടപടികളുമായി സർക്കാർ, നവംബർ മൂന്ന് മുതൽ അഞ്ച് ദിവസങ്ങളിലായി കൊച്ചിയിൽ സംഘടിപ്പിക്കും

Monday 26 August 2024 7:08 AM IST

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി പ്രഖ്യാപിച്ച കോൺക്ളേവുമായി സർക്കാർ മുന്നോട്ട്. കൊച്ചിയിലാകും സിനിമാ നയരൂപീകരണ കോൺക്ളേവ് നടത്തുക. സംവിധായകൻ ഷാജി എൻ കരുണിനാണ് പരിപാടിയുടെ ചുമതല. നവംബർ മൂന്ന് മുതൽ അഞ്ച് ദിവസത്തേക്കാകും പരിപാടി. വിദേശ ഡെലിഗേറ്റുകളും വിവിധ മേഖലകളിലെ വിദഗ്ദ്ധരുമടക്കം 350 ഡെലിഗേറ്റുകളാകും പരിപാടിയിൽ ഉണ്ടാകുക.

സിനിമാ മേഖലയിലെ പീഡനങ്ങളെക്കുറിച്ചറിയാൻ പൊലീസ് സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. ആറ് ഐ.പി.എസുകാരും ഒരു എസ്.പിയും അടങ്ങിയ ഏഴംഗ പൊലീസ് സംഘത്തെയാണ് നിയോഗിച്ചത്.

നാലു വനിത ഐ.പി.എസുകാർ ഉൾപ്പെട്ട സംഘത്തിന്റെ തലവൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി സ്പർജൻ കുമാറാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും.

നടിമാർ പേരെടുത്തുപറഞ്ഞ് ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും ഇന്നലെ രാവിലെ രാജിവച്ചു.രഞ്‌ജിത്തിന്റെ രാജി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി സജിചെറിയാൻ ചോദിച്ചുവാങ്ങുകയായിരുന്നു. ഇമെയിലായാണ് രാജി നൽകിയത്.സിദ്ദിഖ് രാജിനൽകിയത് അമ്മ പ്രസിഡന്റായ മോഹൻലാലിനാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ചതിന് പ്രതിക്കൂട്ടിലായ സർക്കാർ ഇതിനൊപ്പം അന്വേഷണവും പ്രഖ്യാപിക്കുകയായിരുന്നു. അതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷേക്ക് ദർബേഷ് സാഹിബുമായി വിഷയം ചർച്ചചെയ്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി നിയമോപദേശം നൽകുകയും ചെയ്തു.

പരാതി കിട്ടണമെന്ന് നിർബന്ധമില്ല. ആരോപണം പരിശോധിക്കാം. പോക്‌സോ ആണെങ്കിൽ നിയമനടപടി തുടങ്ങാം. പൊതുജന മദ്ധ്യത്തിൽ വന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സർക്കാരിന് തുടർ നടപടി എടുക്കാം. ഇതായിരുന്നു നിയമോപദേശം.

Advertisement
Advertisement