ക്യാപ്റ്റന്റെ കൈ തോളിൽ നിന്ന് തട്ടി മാറ്റി ഷഹീൻ അഫ്രീദി, പാക് ടീമിൽ പടലപ്പിണക്കം രൂക്ഷമെന്ന് സൂചന
റാവൽപിണ്ടി: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ വിജയത്തിലേക്കുള്ള പാകിസ്ഥാന്റെ പ്രതീക്ഷകൾക്ക് കഴിഞ്ഞ ദിവസം വൻ തിരിച്ചടി നേരിട്ടിരുന്നു. ചരിത്രത്തിലാദ്യമായി ബംഗ്ളാദേശ് പാകിസ്ഥാനെ അവരുടെ നാട്ടിൽ തോൽപ്പിച്ചു. അതും പത്ത് വിക്കറ്റിന്റെ വമ്പൻ വിജയം. രണ്ട് മത്സരങ്ങളുള്ള പാകിസ്ഥാൻ-ബംഗ്‌ളാദേശ് ടെസ്‌റ്റ് പരമ്പരയിൽ ഇതോടെ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.അവശേഷിക്കുന്ന മത്സരം വിജയിക്കുകയല്ലാതെ ഇനി പാകിസ്ഥാന് മാനം രക്ഷിക്കാൻ വേറെ വഴിയില്ല.
സ്വന്തം മണ്ണിലോ വിദേശ മണ്ണിലോ പാകിസ്ഥാനെതിരെ ബംഗ്ളാദേശ് നേടുന്ന ആദ്യ ടെസ്‌റ്റ് മത്സര വിജയമായിരുന്നു കഴിഞ്ഞ ദിവസത്തേത്. റാവൽപിണ്ടിയിലെ സ്‌റ്റേഡിയത്തിൽ തന്നെ ഓഗസ്‌റ്റ് 30നാണ് അടുത്ത മത്സരം. പാകിസ്ഥാൻ ടീമിൽ സീനിയർ താരങ്ങൾ തമ്മിൽ ഒത്തൊരുമയില്ല എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിവരം ശരിവയ്‌ക്കുന്ന ഒരു വീഡിയോ ദൃശ്യം ഇതിനിടെ വൈറലായി. മത്സരശേഷം മറ്റ് കളിക്കാരോട് നായകൻ ഷാൻ മസൂദ് സംസാരിക്കാൻ തുടങ്ങുന്നതാണ് വീഡിയോയിലുള്ളത്. സഹതാരവും മുൻനിര പേസറുമായ ഷഹീൻ അഫ്രീദിയുടെ തോളിൽ കൈയിട്ടാണ് ഷാൻ നിന്നിരുന്നത്. ഇതിനിടെ തന്റെ തോളിൽ നിന്നും കൈ ഷഹീൻ അഫ്രീദി തട്ടിക്കളയുന്നതാണ് വീഡിയോയിൽ ഉള്ളത്.
കോച്ച് ജേസൺ ഗില്ലസ്‌പിയുമായി ഷാൻ മസൂദ് ചൂടേറിയ വാദപ്രതിവാദം നടത്തുന്ന വീഡിയോ പുറത്തുവന്ന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോയും പ്രചരിച്ചത്. ഒന്നാം ഇന്നിംഗ്‌സിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ച പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിൽ തകർന്നടിയുകയായിരുന്നു. 55.5 ഓവറിൽ സ്വന്തം നാട്ടിൽ 146ന് അവർ ഓൾ ഔട്ടായി. മെഹിദി ഹസൻ മിറാസ്, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്. മെഹിദി 21 റൺസ് വിട്ടുനൽകി നാല് വിക്കറ്റുകൾ വീഴ്‌ത്തി. ഷാക്കിബ് 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. ഇതോടെ കേവലം 30 റൺസ് മാത്രമാണ് ബംഗ്ളാദേശിന് മറികടക്കേണ്ടിയിരുന്നത്. 6.3 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ അവർ അഞ്ചാം ദിനം ലക്ഷ്യം കണ്ടു.