"എന്റെ മുറിയുടെ ഡോറിൽ തട്ടി"; മോശമായി പെരുമാറിയ ആളുടെ പേര് വെളിപ്പെടുത്തി ഗീത വിജയൻ
കൊച്ചി: സിനിമാ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഗീത വിജയൻ. സംവിധായകൻ തുളസീദാസിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ചാഞ്ചാട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം. ശക്തമായി പ്രതികരിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
സിദ്ദിഖ് അമ്മയുടെ തലപ്പത്ത് എങ്ങനെ വരുമെന്ന് ആ സമയത്ത് തനിക്ക് മനസിൽ തോന്നിയിരുന്നെന്ന് ഗീത വിജയൻ പറഞ്ഞു. മോശമായി പെരുമാറിയ ആളോട് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും ഗീത വിജയൻ വ്യക്തമാക്കി.
'ഇമോഷണൽ സപ്പോർട്ട് എനിക്ക് കിട്ടിയിട്ടുണ്ട്. ചില സെറ്റുകളിൽ ചിലർ കൂടെ നിന്നിട്ടുണ്ട്. അവരുടെ പ്രൊട്ടക്ഷൻ കൊണ്ട് നമ്മളെ ആരും ശല്യപ്പെടുത്തില്ല. എനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നെ സപ്പോർട്ട് ചെയ്തവരുണ്ട്. സപ്പോർട്ട് ചെയ്യാത്തവരുമുണ്ട്. അത് അവരുടെ നിലപാടാണ്. ഞാൻ വളരെ ബോൾഡാണ്. അയ്യോ എനിക്കിങ്ങനെ വന്നെന്ന് പറഞ്ഞ് ഇരുന്ന് കരഞ്ഞിട്ടൊന്നുമില്ല. ചിലർ, എല്ലാവരെയും ഞാൻ പറയുന്നില്ല. നമ്മുടെ മേഖലയിൽ ഒരുപാട് നല്ലവരുണ്ട്. ജെൻഡർ ഇക്വാലിറ്റി എന്നൊക്കെ പറയുന്നു. വെറും ഡയലോഗ് മാത്രം. ഒന്നും നടക്കുന്നില്ല.
ഞാൻ പരാതി കൊടുത്തപ്പോൾ, ഞാനാണ് അനുഭവിക്കേണ്ടി വന്നത്. ഞാൻ ആരെക്കുറിച്ചാണോ പരാതി പറഞ്ഞത് അയാൾക്കൊരു കുഴപ്പവുമില്ല. ഇഷ്ടം പോലെ സിനിമകൾ.ഞാനാണ് അനുഭവിച്ചത്. പരാതി കൊടുത്തിട്ട് വല്ല കാര്യവുമുണ്ടോ. എല്ലാവരെയും മനസിലാക്കുന്നവർക്കാണ് അമ്മയിലെ പ്രധാന സ്ഥാനങ്ങൾ നൽകേണ്ടത്. പിന്നെ നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. അവർ അവർക്കായി തീരുമാനമെടുക്കുന്നു.
1991- 92 കാലത്ത് ഒരു സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്. ആ സംവിധായകൻ ഒരു നൊട്ടോറിയസ് ആണ്. ഇതേ സംവിധായകനിൽ നിന്ന് തന്നെ ചൂഷണം അനുഭവിച്ച ഒരു നടി ഇപ്പോഴുമുണ്ട്. ഞങ്ങൾ ഒന്നിച്ച് സ്‌റ്റേറ്റ്‌മെന്റ് തരും. ഒന്നിച്ച് കാര്യങ്ങൾ പറയും.
ചൂഷണം ഉണ്ടായപ്പോൾ ഞാൻ പ്രതികരിച്ചു. എന്റെ മുറിയുടെ മുന്നിൽ വന്ന് ഡോർ തട്ടലും മുട്ടലുമൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് തമിഴായിരുന്നു എനിക്ക് കൂടുതൽ വഴങ്ങിയിരുന്നത്. ഞാൻ അയാളെ ചീത്ത വിളിച്ചു. ഞാൻ ചീത്ത വിളിച്ച ആ വാക്ക് പിന്നെ ഞാൻ കേട്ടത് അന്യനിൽ വിക്രം പറയുമ്പോഴാണ്.'- ഗീത വിജയൻ പറഞ്ഞു. അതേസമയം, തുളസീദാസ് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.