' ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചില ശക്തികൾ പ്രവ‌ർത്തിച്ചു,​ നേരത്തെ പരസ്യപ്പെടുത്തിയിരുന്നെങ്കിൽ പലരെയും രക്ഷിക്കാമായിരുന്നു'

Monday 26 August 2024 9:56 PM IST

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചില ശക്തികൾ പ്രവ‌ർത്തിച്ചിട്ടുണ്ടെന്ന് നടിയും സംവിധായികയുമായ രേവതി ആരോപിച്ചു. റിപ്പോർട്ട് നേരത്തെ പരസ്യപ്പെടുത്തിയിരുന്നെങ്കിൽ പലരെയും രക്ഷിക്കാമായിരുന്നുവെന്നും രേവതി പറഞ്ഞു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചിരുന്നവരിൽ നിന്നുപോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി വ്യക്തമാക്കി.

ആരോപണങ്ങളിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിനെയും അവർ സ്വാഗതം ചെയ്തു. എന്നാൽ പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോ‌ർട്ടിൽ പറയുന്നതുപോലെ പവർ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല എന്നും രേവതി പറ‌ഞ്ഞു.

അതേസമയം സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാ‌ർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. നാലു വനിത ഐ.പി.എസുകാർ ഉൾപ്പെട്ട സംഘത്തിന്റെ തലവൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി സ്പർജൻ കുമാറാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ചതിന് പ്രതിക്കൂട്ടിലായ സർക്കാർ ഇതിനൊപ്പം അന്വേഷണവും പ്രഖ്യാപിക്കുകയായിരുന്നു. അതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷേക്ക് ദർബേഷ് സാഹിബുമായി വിഷയം ചർച്ചചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി നിയമോപദേശം നൽകുകയും ചെയ്തു. പരാതി കിട്ടണമെന്ന് നിർബന്ധമില്ല. ആരോപണം പരിശോധിക്കാം. പോക്‌സോ ആണെങ്കിൽ നിയമനടപടി തുടങ്ങാം. പൊതുജന മദ്ധ്യത്തിൽ വന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സർക്കാരിന് തുടർ നടപടി എടുക്കാം. ഇതായിരുന്നു നിയമോപദേശം.

Advertisement
Advertisement