മന്ത്രി സജി ചെറിയാന് തുടരാൻ അർഹതയില്ല: വി.ഡി. സതീശൻ

Tuesday 27 August 2024 12:56 AM IST

അന്വേഷണ സംഘത്തിൽ വിശ്വാസമില്ല

കൊച്ചി: സിനിമാ മേഖലയിലെ പീഡന പരാതികളും മറ്റും അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച സംഘത്തിന് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതിർന്ന വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പിൽ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ല. സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് ഇരകൾ കൊടുത്ത മൊഴികളും തെളിവുകളും അന്വേഷിക്കില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇരകൾ മൊഴിയിൽ ഉറച്ചു നിന്നാൽ അന്വേഷിക്കാമെന്നാണ് സർക്കാർ നിലപാട്. ഏത് ലൈംഗിക പീഡന കേസിലാണ് ഈ വ്യവസ്ഥ? വേട്ടക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം.

അന്വേഷണത്തിന് നിയോഗിച്ച വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്‌ക്ക് മുകളിൽ തിരുവനന്തപുരം കമ്മിഷണറുടെ ഭാരിച്ച ചുമതലയുള്ള സ്പർജൻ കുമാറിനെ എന്തിനാണ് നിയോഗിച്ചത്?

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന കുറ്റകൃത്യമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചെയ്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല.

ആരോപണങ്ങൾ നേരിടുന്നവർ രാജി വയ്ക്കണം. രഞ്ജിത്തും സിദ്ധിഖും രാജി വച്ചത് മറ്റുള്ളവരും പിന്തുടരണം. മുകേഷും രാജി വയ്ക്കുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ധർമ്മജന്റെ നിലപാട് തെറ്റ്
കൊച്ചി: ധർമ്മജൻ ബോൾഗാട്ടി മാദ്ധ്യമ പ്രവർത്തകയെ വ്യക്തിപരമായി അവഹേളിച്ചത് തെറ്റാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന്റെ സ്വീകരണം മാറ്റിയതിനെയും വിമർശിച്ചു. കേരളത്തിന്റെ അഭിമാനമായ ശ്രീജേഷിനെയാണ് സർക്കാർ അപമാനിച്ചത്. കുടുംബവുമായി ശ്രീജേഷ് തിരുവനന്തപുരത്തേക്ക് എത്തുന്നതിനിടെയാണ് പരിപാടി മാറ്റിയെന്ന് അറിയിച്ചത്. ഒളിമ്പിക് മെഡൽ നേടിയ താരത്തെ ഇങ്ങനെ അപമാനിക്കരുതായിരുന്നു.

Advertisement
Advertisement