കുരുക്കുമുറുകി രഞ്ജിത്ത്, ബംഗാളി നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ്, 14പരാതികൾ പ്രത്യേക അന്വേഷണ സംഘത്തിന്
തിരുവനന്തപുരം: സിനിമയിലെ കൂടുതൽ പ്രമുഖർക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളും പരാതികളും ഉയരുന്നതിനിടെ, സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതിയിൽ ഐ.പി.സി 354 (സ്ത്രീത്വത്തെ അപമാനിക്കൽ) പ്രകാരം പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടണം.
ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന് നടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസിനു കൈമാറിയതിനു പിന്നാലെ രാത്രി എട്ടരയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായിരുന്നു.
ഇതിനു പുറമേ ഡി.ജി.പിക്ക് ലഭിച്ച 13പരാതികളും മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. അറസ്റ്റും മറ്റ് നടപടിക്രമങ്ങളും പ്രത്യേക സംഘം തീരുമാനിക്കും. സിദ്ദിഖിനെതിരെ ലൈംഗികാരോപണമുന്നയിച്ച യുവനടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വിശദമായ മൊഴിയെടുത്തശേഷം കേസെടുക്കും.
വനിത ഉദ്യോഗസ്ഥർ നേരിട്ടിറങ്ങും
പ്രത്യേക സംഘം വെളിപ്പെടുത്തലുകൾ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുത്ത്, കേസെടുക്കും.
സംഘത്തിലെ വനിത ഓഫീസർമാരായ ഡി.ഐ.ജി എസ്.അജീതാബീഗം, എസ്.പിമാരായ ജി.പൂങ്കുഴലി, മെറിൻ ജോസഫ്, ഐശ്വര്യ ഡോംഗ്രെ എന്നിവരാവും മൊഴിയെടുക്കുക. വനിതാപൊലീസ് സംഘവുമുണ്ടാവും. മേൽനോട്ടം എ.ഡി.ജി.പി എച്ച്.വെങ്കടേശും ഐ.ജി ജി.സ്പർജ്ജൻകുമാറും. സംഘം ഇന്ന് ഓൺലൈനിൽ യോഗം ചേരും. അതിക്രമം നേരിട്ടവർക്ക് പ്രത്യേകസംഘത്തോട് രഹസ്യമായി മൊഴിനൽകാം. വ്യക്തമായ തെളിവുണ്ടെങ്കിൽ പരാതിയില്ലെങ്കിലും കേസെടുക്കാം. ഐ.പി.സി 354(സ്ത്രീത്വത്തെ അപമാനിക്കൽ), 376 (പീഡനം) എന്നിവയാണ് പ്രധാനം.
ആരോപണ ശരങ്ങൾ
അമ്മയുടെ ജോയിന്റ് സെക്രട്ടറി നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ നടി
സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീത വിജയൻ
സംവിധായകൻ വി കെ. പ്രകാശ് അതിക്രമം കാണിച്ചെന്ന് യുവകഥാകാരി
ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ മോശമായി പെരുമാറിയെന്ന് നടി മിനു മുനീർ. ജയസൂര്യ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. മുകേഷ് ഫോണിൽ മോശമായി സംസാരിച്ചു. വില്ലയിലേക്ക് ക്ഷണിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി. മണിയൻപിള്ള രാജു മോശമായി സംസാരിച്ചു. വാതിലിൽ മുട്ടി.
പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ മോശമായി പെരുമാറിയെന്ന് ജൂനിയർ ആർട്ടിസ്റ്റ്
2013 ൽ സൂപ്പർതാരം കടന്നുപിടിച്ചെന്ന് ആരോപിച്ച നടി സോണിയ മൽഹാർ കേസിനു താൽപര്യമില്ലെന്ന് അറിയിച്ചു.
അന്വേഷിക്കണം : പൃഥ്വിരാജ്
''ആരോപണങ്ങൾ അന്വേഷിക്കണം. കുറ്റം തെളിഞ്ഞാൽ മാതൃകാപരമായി ശിക്ഷിക്കണം. തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും വേണം. ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടാൻ നിയമത്തിൽ വിലക്കില്ല.''
''ഗൗരവമേറിയ അതിക്രമങ്ങളിൽ പരാതിയില്ലെങ്കിലും സ്വമേധയാ കേസെടുക്കേണ്ടതുണ്ട്.''
-എം.ആർ.അഭിലാഷ്
സുപ്രീംകോടതി അഭിഭാഷകൻ