വയനാട്: മുഖ്യമന്ത്രി ഇന്ന് മോദിയെ കാണും

Tuesday 27 August 2024 4:14 AM IST

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് പരമാവധി സഹായം നേടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഡൽഹിയിൽ രാവിലെ 10.30നാവും മിക്കവാറും കൂടിക്കാഴ്ച. ഇതിനായി മുഖ്യമന്ത്രി ഇന്നലെ ഡൽഹിയിലെത്തി.

പ്രധാനമന്ത്രിയും കേന്ദ്ര വിദഗ്ദ്ധ സംഘവും ദുരന്തമേഖല സന്ദർശിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം സംസ്ഥാനം പ്രത്യേക നിവേദനം നൽകിയിരുന്നു. പുനരധിവാസത്തിന് 2000 കോടിയും നഷ്ടപരിഹാര ഇനത്തിൽ 1200 കോടിയുമാണ് ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി ഡോ.വി.വേണു വയനാട് സന്ദർശിച്ച് അനുബന്ധ റിപ്പോർട്ടും നൽകിയിരുന്നു. വയനാട് ഉരുൾപൊട്ടൽ എൽ-3 വിഭാഗത്തിലുള്ള ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ മുഖ്യ ആവശ്യം. ഇത് അനുഭാവപൂർവം പരിഗണിക്കുമോ എന്നതടക്കം ഇന്നത്തെ കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നു.