'ഒറ്റയ്ക്ക് വഴിവെട്ടി വന്നവളെ ചൊറിയാൻ നിൽക്കരുത്; ആണുങ്ങളുടെ പാന്റ് ഇറങ്ങിക്കിടന്നാൽ നമുക്ക് എന്തെങ്കിലും തോന്നുമോ'
സിനിമയിൽ പ്രവർത്തിക്കുന്നവർ മോശമായി നടക്കുന്നവരാണെന്ന കാഴ്‌ചപ്പാട് സമൂഹത്തിനുണ്ടെന്ന് നടി റോഷ്‌ന ആൻ റോയി. അതിനാലാണ് സമൂഹമാദ്ധ്യമ പോസ്റ്റുകളിലും മറ്റും പലരും മോശം കമന്റുകളിലിടുന്നതെന്നും നടി പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവളെ ചൊറിയാൻ നിൽക്കരുത് എന്നേ പറയാനുള്ളൂ. ജീവിതത്തിൽ ചെറുപ്പം മുതൽ വളരെയധികം പ്രതിസന്ധികൾ അഭിമൂഖീകരിച്ചിട്ടുണ്ട്. അതിനാൽതന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങളും മറ്റും പ്രശ്നങ്ങളുമൊന്നും ബാധിക്കാറില്ല. ആരോടും ഒരു പ്രശ്‌നവുമില്ല. വെറുതെ ആരോടും അങ്ങോട്ടുപോയി പ്രശ്‌നമുണ്ടാക്കാൻ പോകാറില്ല. എന്നാൽ ഞാൻ അത്രയും വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ ഏതറ്റംവരെയും പോകാനും മടിയില്ല'- റോഷ്‌ന വ്യക്തമാക്കി.
വസ്ത്രധാരണത്തിന്റെ പേരിൽ ലൈംഗിക ചൂഷണങ്ങളെ ന്യായീകരിക്കാനാവില്ലെന്നും നടി പറഞ്ഞു. 'എന്ത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ കാര്യങ്ങളാണ്. ഒരിടയ്ക്ക് ആൺകുട്ടികളുടെ പാന്റ് എവിടെയാണ് കിടന്നിരുന്നത്. ലോ വെയിസ്റ്റ് അല്ലേ? അത് നമ്മൾ കണ്ടതല്ലേ? നമുക്കൊന്നും തോന്നിയിട്ടില്ലല്ലോ? എന്തുകൊണ്ടാണ് പുരുഷന്മാർക്ക് അങ്ങനെ തോന്നുന്നത്. അവരുടെ നോട്ടവും വികാരങ്ങളും ശരിയല്ല എന്നുള്ളതാണ് സത്യം. ആളുകളുടെ മനസ് അത്രയും വൾഗറായി തുടങ്ങി.
സ്ത്രീകൾ വീടിനുള്ളിൽ ഇരിക്കുക, പുറത്തിറങ്ങിയാൽ അപ്പോൾ പീഡനമാവും. അപ്പോൾ സ്ത്രീകൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതാവും നല്ലത് എന്നാണ് ഇപ്പോൾ പറഞ്ഞുവയ്ക്കുന്നത്. എന്നിരുന്നാലും ജീവിതത്തിൽ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടില്ല. വീട്ടുകാർ അത്രയും കർക്കശക്കാരായിരുന്നു. എന്നാൽ ഇപ്പോൾ ഗുഡ് ടച്ചും ബാഡ് ടച്ചും പോലും പറഞ്ഞ് പഠിപ്പിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു'- നടി കൂട്ടിച്ചേർത്തു.