'എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും'; വിവാദങ്ങൾ വേദനിപ്പിച്ചെന്ന് മോഹൻലാൽ

Tuesday 27 August 2024 3:20 PM IST

കൊച്ചി: സിനിമ മേഖലയിൽ നിന്ന് ഉയരുന്ന വിവാദങ്ങൾ വേദനിപ്പിച്ചെന്ന് നടൻ മോഹൻലാൽ. താരസംഘടനയായ അമ്മയിലെ പ്രസിഡന്റ് സ്ഥാനം രാജിവച്ചശേഷമായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മമ്മൂട്ടി അടക്കമുള്ളവരെ ഫോണിൽ വിളിച്ച് മോഹൻലാൽ സംസാരിച്ചിരുന്നു. എല്ലാവർക്കും നന്ദിയുണ്ടെന്നും ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തിയാണ് രാജിവയ്ക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. മുഴുവൻ ഭാരവാഹികളും രാജിവയ്ക്കുകയും അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഇന്ന് ചേർന്ന് ഓൺലെെൻ യോഗത്തിലായിരുന്നു തീരുമാനം. താൽക്കാലിക ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകി.

മോഹൻലാലിന്റെ രാജിക്കത്ത്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നു .

രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

Advertisement
Advertisement